സഭാ തര്‍ക്കം: സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിന് പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ

സഭാ തര്‍ക്കം: സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിന് പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ

കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിന് പിന്തുണ പ്രഖ്യാപിച്ച് പള്ളികളില്‍ യാക്കോബായ സഭ പ്രമേയം പാസാക്കും. സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ നീക്കം.

സര്‍ക്കാരിന് വിഷയത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ ആരോപിച്ചിരുന്നു. സഭാ തര്‍ക്കം പരിഹരിക്കാനുള്ള ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നു. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തയ ശേഷമായിരിക്കും ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരിക.

എല്ലാ വിഭാഗത്തിനും ആരാധനയ്ക്ക് അവസരം നല്‍കുന്ന കരടു ബില്ലിനുള്ള നിര്‍ദേശമാണ് നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ് യോഗത്തില്‍ അവതരിപ്പിച്ചത്.

എന്നാല്‍, സഭാതര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ പള്ളികളില്‍ പ്രതിഷേധ ദിനമാചാരിക്കും. 2017 ലെ സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം.

പ്രതിഷേധ ദിനചാരണത്തിന്റെ തുടര്‍ച്ചയായി നാളെ തിരുവനന്തപുരം പാളയം സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കരസഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും ഉപവാസ പ്രാര്‍ത്ഥന യജ്ഞവും നടത്തും. നിയമനിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ ആവശ്യം.

എന്നാല്‍ കോടതി വിധിയുടെ മറവില്‍ സ്വന്തം അധ്വാനത്താല്‍ പടുത്തുയര്‍ത്തിയ ദേവാലയങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് വിശ്വാസികളെയാണ് തെരുവിലേയ്ക്ക് ഇറക്കിവിട്ടതെന്ന് യാക്കോബായ സഭ വ്യക്തമാക്കുന്നു. മരണാന്തര ചടങ്ങു പോലും ആചാര പ്രകാരം നടത്താന്‍ വിധിയുടെ പേരില്‍ യാക്കോബായ വിശ്വാസികള്‍ക്ക് സാധിക്കാത്ത അവസ്ഥയിലാണ്. വിശ്വാസത്തെ മുറുകെ പിടിച്ച് റബര്‍ തോട്ടങ്ങളിലും ഷെഡുകളിലും വിശുദ്ധ കുര്‍ബാന നടത്തിയ യാക്കോബായ വിശ്വാസികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് സഭാ നേതൃത്വം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.