'സ്വവര്‍ഗ വിവാഹം നിയമപരമാക്കിയാല്‍ വ്യക്തി നിയമങ്ങളും നിയമ സംഹിതകളും ലംഘിക്കപ്പെടും. ഒരേ ലിംഗത്തിലുളളവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഏറെയായിരിക്കും. വിവാഹമോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവ സങ്കീര്‍ണമാകും'.
ന്യൂഡല്‍ഹി: ഭാര്യയും ഭര്‍ത്താവും കുട്ടികളും അടങ്ങുന്ന ഇന്ത്യന്‍ കുടുംബ സങ്കല്‍പത്തിന് എതിരാണ് സ്വവര്‍ഗ വിവാഹമെന്നും നിയമപരമായി അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതില്‍.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന സ്വവര്‍ഗ പങ്കാളികളുടെ പൊതുതാല്‍പര്യ ഹര്‍ജികളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2018 ലെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്.
പുരുഷനും സ്ത്രീയും അവരുടെ വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളും അടങ്ങുന്നതാണ് ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധ കൂടിച്ചേരലും സംസ്‌കാരവുമാണ്. അതിന് ആചാരങ്ങളും അനുഷ്ഠാനങ്ങളും, മതപരമായ രീതികളും സാസ്‌കാരിക - സാമൂഹ്യ മൂല്യങ്ങളുമുണ്ട്.
ആ രീതികള്‍ മാറ്റാന്‍ നിയമ നിര്‍മ്മാണ സഭയ്ക്കല്ലാതെ സുപ്രീം കോടതിക്ക് കഴിയില്ല. സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റകൃത്യമല്ലെന്നേ സുപ്രീം കോടതി വിധി പറഞ്ഞിട്ടുള്ളൂ. അതിന് നിയമ സാധുത നല്‍കിയിട്ടില്ലെന്നും സ്വവര്‍ഗ വിവാഹം ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വവര്‍ഗ വിവാഹം നിയമപരമാക്കിയാല്‍ വ്യക്തി നിയമങ്ങളും നിയമ സംഹിതകളും ലംഘിക്കപ്പെടും. ഒരേ ലിംഗത്തിലുളളവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഏറെയായിരിക്കും. വിവാഹമോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവ സങ്കീര്‍ണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടുന്ന 19 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈക്കോടതികളില്‍ നിന്ന് സുപ്രീം കോടതി വിളിച്ചു വരുത്തിയ ഹര്‍ജികളും ഇതിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.