വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; മുന്നോട്ട് പോകുമെന്ന് നെതന്യാഹു

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; മുന്നോട്ട് പോകുമെന്ന് നെതന്യാഹു

വാഷിങ്ടൺ: ഗാസയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള സൈനിക നീക്കവുമായി മുന്നോട്ട് പോകുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശത്തെ എതിർക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ല. ഈ നീക്കം സംഘർഷം വർധിപ്പിക്കുകയും സമാധാന ശ്രമങ്ങളെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര പൊതു സഭയിൽ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോർട്ടർമാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഇക്കാര്യം പങ്കിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ഉടമ്പടി ഏതാണ്ട് അടുത്തെത്തിയെന്ന സൂചനയും ട്രംപ് നൽകി.

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ അറബ് നേതാക്കളുടെയും യുകെ, കാനഡ തുടങ്ങിയ സഖ്യകക്ഷികളുടെയും എതിർപ്പ് ശക്തമായി തുടരുന്നതിനിടെയാണ് വെസ്റ്റ് ബാങ്ക് അധിനിവേശത്തെ എതിർത്ത് ട്രംപ് രംഗത്തു വന്നത്.

അതേസമയം ഗാസ പിടിച്ചെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ നേതാക്കൾ സമ്മർദത്തിന് വഴങ്ങിയിരിക്കാമെങ്കിലും ഇസ്രയേൽ വഴങ്ങില്ലെന്ന് അദേഹം വ്യക്തമാക്കി. പാലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ഒരു കൂട്ടം രാജ്യങ്ങളുടെ തീരുമാനത്തെ നെതന്യാഹു ലജ്ജാകരം എന്നാണ് വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.