ആർച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെയെ മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിച്ച് ലിയോ പാപ്പ

ആർച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെയെ മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിച്ച് ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റ് ആയും ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആർച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെയെ നിയമിച്ച് ലിയോ പതിനാലമാൻ മാർപാപ്പ.

മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ തലവനായിരുന്ന കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമൻ പാപ്പായായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ആർച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെയെ ഡിക്കസ്റ്ററിയുടെ പുതിയ തലവനായി നിയോഗിക്കുന്നത്.

ഇറ്റലിയിലെ നേപ്പിൾസിൽ നിന്നുള്ള കാർമെലൈറ്റ് സന്യാസ സഭാംഗമായ ആയ ആർച്ച് ബിഷപ്പ് യന്നോനെ സഭാ ഭരണത്തിലും കാനോൻ നിയമത്തിലും വിപുലമായ പരിചയസമ്പത്തുള്ളയാളാണ്. പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് സിവിൽ, കാനോൻ നിയമങ്ങളിൽ ഡോക്ടറേറ്റ് നേടിയ അദേഹം റോമൻ റോട്ടയുടെ അപ്പസ്തോലിക് ട്രൈബ്യൂണലിൽ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.

നേപ്പിൾസിലെ സഹായ മെത്രാൻ, സോറ-അക്വിനോ-പോണ്ടെകോർവോ രൂപത മെത്രാൻ, പിന്നീട് റോം രൂപതയുടെ വൈസ്ജനറന്റ്, നിയമനിർമ്മാണ പഠനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

നിയമ വൈദഗ്ദ്ധ്യം, അജപാലനന സംവേദനക്ഷമത എന്നിവയ്ക്ക് പേരുകേട്ട ആർച്ച് ബിഷപ്പ് യന്നോനെ സഭാ നിയമത്തിന്റെയും ഭരണത്തിന്റെയും വ്യക്തതയും സമഗ്രതയും ഉറപ്പാക്കുന്ന വ്യക്തിയായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അദേഹത്തിന്റെ പുതിയ ഉത്തരവാദിത്വം കത്തോലിക്കാ സഭയുടെ ആഗോള നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ ഒരു നിർണായക സ്ഥാനം വഹിക്കുന്നതാണ്.

മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എന്ന നിലയിൽ പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിലും ലോകമെമ്പാടുമുള്ള രൂപതകളുടെ അജപാലന ഭരണത്തിലും ആർച്ച് ബിഷപ്പ് യന്നോനെ മാർപാപ്പയുമായി അടുത്ത് പ്രവർത്തിക്കും. 2025 ഒക്ടോബർ 15 ന് ചുമതല ഏറ്റെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.