കൊച്ചി: സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഓരോ ഘട്ടവും നേരിട്ടു വിലയിരുത്താന്‍ ഹൈക്കോടതി തീരുമാനം. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇതിനായി എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് ഒരു അഭിഭാഷകനെയും മറ്റ് ജില്ലകളിലേക്ക് രണ്ട് അഭിഭാഷകരെയും അമിക്കസ് ക്യൂറിമാരായി നിയമിക്കും.
മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടയുന്നതടക്കം നടപടികളുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണത്തിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് കുപ്പികളടക്കം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു തടയണം.
ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും തദ്ദേശ ഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് കോടതി നിര്‍ദ്ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
ബ്രഹ്മപുരത്തേതിന് സമാനമായ സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത നിവാരണ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനമിറക്കണം. മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ ഭരണ വകുപ്പു സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കണം.
ഏപ്രില്‍ അഞ്ചിന് ഒരു പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെന്ന് അഡി. ചീഫ് സെക്രട്ടറി അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ബോധവത്കരണ പരിപാടിയും വേണം.
ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്ന് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ച സാഹചര്യത്തില്‍ ഹര്‍ജിയിലെ പ്രശ്‌നങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ ഘട്ടമെന്ന നിലയിലാണ് നിരീക്ഷണവും മറ്റു നടപടികളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.