ബോംബ്‌ നിർമാണത്തിനിടെ സ്‌ഫോടനം; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

ബോംബ്‌ നിർമാണത്തിനിടെ സ്‌ഫോടനം; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: കഴിഞ്ഞ ദിവസം ഇരിട്ടിയിൽ വീട്ടിൽ ബോംബ്‌ നിർമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തിൽ ഗൃഹനാഥനായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് എ.കെ. സന്തോഷി(35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ പരിക്കേറ്റ സന്തോഷ് കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് മടങ്ങുന്നതിനിടെയാണ്‌ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്.

2018ലും സമാനരീതിയിൽ സ്ഫോടനമുണ്ടാവുകയും സന്തോഷിന്റെ വിരൽ അറ്റുപോവുകയും ചെയ്തിരുന്നു. ബോംബ് നിർമാണത്തിനിടെയാണ് ഗുരുതര പരിക്കെന്ന് അന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ഇതാണ് പ്രതി വീണ്ടും ബോംബ് നിർമാണത്തിലേക്ക് തിരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.

കേസിൽ വിചാരണ നേരിടവെയാണ് പുതിയ സംഭവം. ഞായറാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു. രണ്ടുതവണ സമാന രീതിയിൽ സ്ഫോടനമുണ്ടായിട്ടും കേസിന്റെ ഗൗരവം കണക്കിലെടുത്ത് കാര്യമായ അന്വേഷണം ഉണ്ടായില്ല. സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതതിനാണ് മുഴക്കുന്ന് പൊലീസ് ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തത്.

വീട്ടിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനം പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റി ആരോപിച്ചു. ബോംബ് നിർമ്മിക്കാൻ ഗൂഡാലോചന നടത്തിയവരെ കണ്ടെത്താൻ സമഗ്രാന്വേഷണം നടത്തണമെന്നും ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.