ചിക്കാഗോ: എക്യുമെനിക്കല്‍ സമൂഹം മാര്‍ച്ച് 11-ന് ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു. പ്രാര്‍ത്ഥനകള്‍ക്കു മുമ്പായി വൈദികരും എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു. മാര്‍ത്തോമ്മാ യുവജനസഖ്യം ഗായകസംഘം തത്സമയം പ്രാര്‍ത്ഥനാഗാനം ആലപിച്ചു. തുടര്‍ന്ന് എക്യുമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രേംജിത് വില്യം പ്രോഗ്രാമിന്‍റെ നടപടിക്രമങ്ങള്‍ വിവരിച്ചു. മോഡറേറ്ററായി പ്രവര്‍ത്തിച്ച പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുമ ജോര്‍ജ് ആമുഖപ്രസംഗം നടത്തുകയും പ്രാര്‍ത്ഥനയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട തെയ്വാന്‍ രാജ്യത്തെപ്പറ്റിയും ചിന്താവിഷയത്തെപ്പറ്റിയും സംക്ഷിപ്തമായി വിവരിക്കുകയും ചെയ്തു.
കൗണ്‍സില്‍ പ്രസിഡണ്ട് റവ. എബി എം. തോമസ് തരകനും മുഖ്യാതിഥി ഷിജി അലക്സും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. റവ. ഷെറിന്‍ വി. ഉമ്മന്‍ ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന അദ്ധ്യക്ഷപ്രസംഗത്തില്‍ എക്യുമെനിക്കല്‍ പ്രസിഡണ്ട് റവ. എബി എം. തോമസ് തരകന്‍ തിരുനാമകീര്‍ത്തനം പാടുവാന്‍ നാവും ലഭിച്ച ദാനങ്ങള്‍ പ്രകീര്‍ത്തിക്കുവാന്‍ അധരങ്ങളും നല്കിയിരിക്കുന്നത് വിശ്വാസയാത്രയില്‍ ഒരുമിച്ച് പരസ്പര സൗഹൃദം പങ്കുവെക്കുവാനും അനുഭവിക്കുവാനും നമുക്കു കഴിയണം എന്ന് ഉദ്ബോധിപ്പിച്ചു.

പ്രാര്‍ത്ഥനയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട തെയ്വാന്‍ രാജ്യത്തിന്‍റെ സംസ്കാരം, ചരിത്രം, ഭൂപ്രകൃതി, ജീവിതരീതി എന്നിവകള്‍ വീഡിയോയിലൂടെ എക്യുമെനിക്കല്‍ യുവജനങ്ങള്‍ അവതരിപ്പിച്ചു. തെയ്വാനിലെ സ്ത്രീകളുടെ അനുഭവകഥകള്‍ വര്‍ഷ, ജോവാന, ആഷ്ലിന്‍, ലിയാന്‍ എന്നിവര്‍ പങ്കുവെച്ചു.
തുടര്‍ന്നു നടന്ന പ്രാര്‍ത്ഥനകള്‍ക്ക് പ്രോഗ്രാം ചെയര്‍മാന്‍ റവ. ജസ്വിന്‍ ജോണ്‍ നേതൃത്വം നല്കി. പ്രേമിറ്റെജി, ജയമോള്‍ സഖറിയ, ഡെയ്സി മാത്യു എന്നിവര്‍ കൃതജ്ഞതാപ്രാര്‍ത്ഥനകള്‍, അനുതാപ പ്രാര്‍ത്ഥനകള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്കു നേതൃത്വം കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട വേദഭാഗം (എഫെ. 1:15-19) റീന നടുവീട്ടില്‍ വായിച്ചു.
തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട വേദഭാഗത്തെ ആസ്പദമാക്കി മുഖ്യാതിഥി ഷിജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. ‘കുരിശാണ് നമ്മുടെ വിശ്വാസവും രക്ഷയും, കുരിശിന്‍റെ സുവിശേഷവും രക്ഷയുടെ അനുഭവവും സ്വീകരിച്ച് വിശ്വാസത്തോടെ ജീവിക്കുക’ എന്ന് ആഹ്വാനംചെയ്തു. ദുരിതമനുഭവിക്കുന്ന തെയ്വാന് സംഭാവന നല്കുന്നതിന് സ്തോത്രകാഴ്ചകള്‍ എടുക്കുകയും റവ. ജോ വര്‍ഗീസ് മലയില്‍ അതിന്മേല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ജോ. സെക്രട്ടറി ഡെല്‍സി മാത്യു സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. റവ.ഫാ. ജോര്‍ജ് റ്റി. ഡേവിഡ് സമാപനപ്രാര്‍ത്ഥനയും റവ.ഫാ. ഹാം ജോസഫ് ആശീര്‍വാദ പ്രാര്‍ത്ഥനയും നടത്തി. മാര്‍ത്തോമ്മാ ഇടവക ഒരുക്കിയ സ്നേഹവിരുന്നോടെ പ്രാര്‍ത്ഥനാസമ്മേളനം സമാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.