കൊവിഡ് പിസിആര്‍ ടെസ്റ്റ് ഫീസ്: ഇളവനുവദിച്ച് അബുദാബി

കൊവിഡ് പിസിആര്‍ ടെസ്റ്റ് ഫീസ്: ഇളവനുവദിച്ച് അബുദാബി

അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി കൊവിഡ് പരിശോധനയ്ക്കുള്ള ഏറ്റവും ആധികാരിക ടെസ്റ്റായ പിസിആര്‍ ടെസ്റ്റിനുള്ള ഫീസ് വീണ്ടും കുറച്ച് അബൂദാബി ആരോഗ്യ വകുപ്പ്. നിലവില്‍ 85 ദിര്‍ഹമായിട്ടാണ് അബൂദാബി ഹെല്‍ത്ത് സര്‍വീസസ് സ്ഥാപനമായ സിഹ ഫീസ് കുറച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ അബൂദാബിയില്‍ 370 ദിര്‍ഹമായിരുന്നു പിസിആര്‍ പരിശോധനയ്ക്കായി ഈടാക്കിയിരുന്നത്. സപ്തംബറില്‍ അത് 250 ദിര്‍ഹമായി കുറച്ചു. ഏതാനും ആഴ്ചകള്‍ക്കു ശേഷം ഫീസ് നിരക്ക് വീണ്ടും കുറയ്ക്കുകയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളില്‍ 150ഉം സ്വകാര്യ ക്ലിനിക്കുകളില്‍ 180 ദിര്‍ഹമാക്കിയാണ് കുറച്ചത്. കഴിഞ്ഞ മാസം ഒരു ബണ്ടില്‍ ഓഫറുമായി ആരോഗ്യ വകുപ്പ് രംഗത്തുവന്നിരുന്നു. മൂന്ന് ടെസ്റ്റുകള്‍ ഒന്നിച്ചുചെയ്താല്‍ 270 ദിര്‍ഹം നല്‍കിയാല്‍ മതിയെന്നതായിരുന്നു ഓഫര്‍. അതായത് ഒരു ടെസ്റ്റിന് 90 ദിര്‍ഹം. എന്നാല്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സിംഗിള്‍ ടെസ്റ്റ് ഓഫറാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സിഹ ലാബുകളില്‍ 85 ദിര്‍ഹം നല്‍കിയാല്‍ പിസിആര്‍ ടെസ്റ്റ് നടത്താം.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് അബൂദാബി ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം. വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ തിരികെയെത്തുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിലവില്‍ നിബന്ധനയുണ്ട്. പുറമെ നിന്നെത്തി ചുരുങ്ങിയത് എട്ടു ദിവസമെങ്കിലും അബൂദാബിയില്‍ താമസിക്കുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയണമെങ്കില്‍ മൂന്ന് തവണ ടെസ്റ്റ് നെഗറ്റീവാകണമെന്നാണ് നിയമം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇതു വരുത്തിവയ്ക്കുന്നത്.

ഇതിനു പുറമെ, പല കമ്പനികളും ജോലിക്ക് പ്രവേശിക്കുന്നതിനു മുമ്പ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുന്നവര്‍ക്കും കൊവിഡ് ടെസ്റ്റ് ചിലയിടങ്ങളില്‍ നിര്‍ബന്ധമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.