സ്വവര്‍ഗ വിവാഹത്തിന് ആശീര്‍വാദം: ജര്‍മ്മന്‍ മെത്രാന്മാരുടെ നടപടിക്കെതിരെ കര്‍ദിനാള്‍മാര്‍; വിമര്‍ശിച്ച് വത്തിക്കാനും

സ്വവര്‍ഗ വിവാഹത്തിന് ആശീര്‍വാദം: ജര്‍മ്മന്‍ മെത്രാന്മാരുടെ നടപടിക്കെതിരെ കര്‍ദിനാള്‍മാര്‍; വിമര്‍ശിച്ച് വത്തിക്കാനും

കര്‍ദിനാള്‍ ജെറാര്‍ഡ് മുള്ളര്‍, കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെ

വാഷിങ്ടണ്‍: സ്വവര്‍ഗ വിവാഹച്ചടങ്ങുകള്‍ക്ക് ആശീര്‍വാദം നല്‍കാനുള്ള ജര്‍മ്മന്‍ മെത്രാന്മാരുടെ തീരുമാനത്തിനെതിരേ വിമര്‍ശനം ശക്തമാകുന്നു. ജര്‍മ്മന്‍ സഭയുടെ നീക്കത്തെ വത്തിക്കാനും തള്ളിപ്പറഞ്ഞു.

കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമാണ് ജര്‍മ്മന്‍ മെത്രാന്മാരുടെ നടപടികളെന്നാണ് മുതിര്‍ന്ന മെത്രാന്മാരുടെ വിമര്‍ശനം. ജര്‍മ്മന്‍ കര്‍ദിനാള്‍ ജെറാര്‍ഡ് മുള്ളറും അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെയുമാണ് ജര്‍മ്മനിയിലെ മെത്രാന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്.

കത്തോലിക്കാ സഭയുടെ പ്രബോധനം അനുസരിക്കുകയോ അവര്‍ തങ്ങളെതന്നെ മാനസാന്തരപ്പെടുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ അവര്‍ വിചാരണ നേരിടുകയോ തങ്ങള്‍ വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാകുകയോ വേണമെന്നും ഇവര്‍ പ്രതികരിച്ചു.

മാര്‍ച്ച് പത്തിനു നടന്ന ജര്‍മ്മന്‍ സിനഡല്‍ അസംബ്ലിയിലാണ് കത്തോലിക്ക സഭാ പ്രബോധനങ്ങളുടെയും ഫ്രാന്‍സിസ് പാപ്പയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സ്വവര്‍ഗാനുരാഗികളുടെ ബന്ധങ്ങള്‍ സഭാപരമായി ആശീര്‍വദിക്കണമെന്ന പ്രമേയത്തെ ജര്‍മ്മന്‍ മെത്രാന്‍മാര്‍ പിന്തുണച്ചത്. 58 മെത്രാന്മാരില്‍ ഒന്‍പതു മെത്രാന്മാര്‍ മാത്രമാണ് ഇതിനെതിരെ വോട്ട് ചെയ്തത്. 11 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ക്രിസ്തീയ വിശ്വാസത്തിനും സഭാ പ്രബോധനത്തിനും അപ്പസ്‌തോലിക പാരമ്പര്യത്തിനും വിരുദ്ധമായി സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് അനുകൂലമായി സിനഡല്‍ അസംബ്ലിയില്‍ പങ്കെടുത്ത ജര്‍മ്മന്‍ മെത്രാന്മാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്തത് ഖേദകരമാണെന്നു കര്‍ദിനാള്‍ മുള്ളര്‍ പറഞ്ഞു. പ്രമേയത്തെ പിന്തുണച്ച മെത്രാന്‍മാരും അത്മായരും എല്‍.ജി.ബി.ടി ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും ബൈബിളും, സഭാ പ്രബോധനവും അനുസരിച്ച് പാപമാകുന്ന ബന്ധങ്ങളെ ആശീര്‍വദിക്കുന്നത് മതനിന്ദയാകുമെന്നും കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കി. വിശുദ്ധ ഗ്രന്ഥത്തിനും അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായി ജര്‍മ്മന്‍ മെത്രാന്മാര്‍ പ്രവര്‍ത്തിക്കുന്നത് വളരെ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മന്‍ മെത്രാന്‍മാരുടെ നിലപാടിനെ ഫ്രാന്‍സിസ് പാപ്പയുടെ ഒന്‍പതംഗ ഉപദേശക സമിതിയിലെ കര്‍ദിനാള്‍ പിയട്രോ പരോളിനും തള്ളിപ്പറഞ്ഞു.

സ്വവര്‍ഗ ബന്ധങ്ങളുടെ ആശീര്‍വാദം സംബന്ധിച്ച വിഷയത്തില്‍ വത്തിക്കാന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്ന് കര്‍ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു. ആഗോള സഭയുടെ സിനഡില്‍ സംവാദങ്ങള്‍ തുടരുമെന്ന് പറഞ്ഞ അദ്ദേഹം, സഭയുടെ ഔദ്യോഗിക പ്രബോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പ്രാദേശിക സഭയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ ബന്ധങ്ങള്‍ ആശീര്‍വദിക്കണമെന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത മെത്രാന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് കര്‍ദിനാള്‍ ബൂര്‍ക്കെ പറഞ്ഞു. സഭയില്‍ നിന്നുള്ള വേര്‍പിരിയല്‍ ആയാലും മതവിരുദ്ധ പ്രബോധനമായാലും വിശ്വാസ പ്രമാണങ്ങളുടെ നിഷേധമായാലും മറ്റ് മതത്തില്‍ ചേര്‍ന്നാലും കുറ്റം കുറ്റംതന്നെയാണെന്നും അതിന് ഉചിതമായ വിലക്കുകള്‍ കാനോന്‍ നിയമത്തില്‍ ഉണ്ടെന്നും കര്‍ദിനാള്‍ ബൂര്‍ക്കെ പറഞ്ഞു. സൈദ്ധാന്തികമായ അജണ്ട നടപ്പാക്കാനായി സഭയെ ഉപയോഗിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കിയ കര്‍ദ്ദിനാള്‍ ബൂര്‍ക്കെ ഇതിനെതിരെ നമ്മള്‍ ജാഗരൂകരായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ഇതേക്കുറിച്ചുള്ള ഒരുപാട് സംസാരങ്ങള്‍ നമ്മള്‍ കേട്ടു. എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ നാമമോ, കര്‍ത്താവിന്റെ പ്രബോധനമോ ഒരിക്കല്‍പോലും കേട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജര്‍മ്മന്‍ മെത്രാന്‍മാരുടെ തീരുമാനത്തിനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.