'ഇതെന്റെ അവസാന പ്രണയം'; 92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക്

  'ഇതെന്റെ അവസാന പ്രണയം'; 92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക്

വാഷിങ്ടണ്‍: ശതകോടീശ്വരനായ മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാമതും വിവാഹിതനാകാനൊരുങ്ങുന്നു. മുന്‍ മോഡലും നടിയുമായ ജെറി ഹാളുമായുള്ള വിവാഹമോചനം കഴിഞ്ഞ് എട്ട് മാസം കഴിയവെയാണ് താന്‍ അഞ്ചാമതും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മര്‍ഡോക്ക് പ്രഖ്യാപിച്ചത്. 66 വയസുകാരിയായ ആന്‍ ലെസ്ലി സ്മിത്തിനെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന സ്വന്തം പബ്ലിക്കേഷനിലൂടെ തന്നെയാണ് മര്‍ഡോക്ക് വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ആന്‍ ലെസ്ലി സ്മിത്തിന്റെ ഭര്‍ത്താവ് ചെസ്റ്റര്‍ സ്മിത്ത് നേരത്തെ മരണപ്പെട്ടിരുന്നു. റേഡിയോ ടിവി എക്‌സിക്യൂട്ടാവിയിരുന്ന ചെസ്റ്റര്‍ സ്മിത്ത് വെസ്റ്റേണ്‍ ഗായകനുമായിരുന്നുവെന്ന് മര്‍ഡോക്ക് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

വീണ്ടും ഒരു പ്രണയത്തിലാകാന്‍ താന്‍ ഭയപ്പെട്ടിരുന്നു എന്ന് റൂപര്‍ട്ട് മര്‍ഡോക്ക് പറഞ്ഞു. ഇതെന്റെ അവസാനത്തെ പ്രണയമാണ്, ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടാം ഭാഗം ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായി മര്‍ഡോക്ക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മര്‍ഡോക്കും നാലാം ഭാര്യയായ നടി ജെറി ഹാളുമായി വേര്‍പിരിഞ്ഞത്.

'റൂപര്‍ട്ട് മര്‍ഡോക്കിനെപ്പോലെ, തന്റെ ഭര്‍ത്താവും ഒരു ബിസിനസുകാരനായിരുന്നു. അദ്ദേഹം പ്രാദേശിക പത്രങ്ങളില്‍ ജോലി ചെയ്തിരുന്നതായും റേഡിയോ, ടിവി സ്റ്റേഷനുകള്‍ വികസിപ്പിക്കുകയും യൂണിവിഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് മര്‍ഡോക്കുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ച സ്മിത്ത് പറഞ്ഞു. ഈ വിവാഹം മര്‍ഡോക്കിനെയും തന്നെയും സംബന്ധിച്ച ദൈവത്തിന്റെ വരദാനമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നതെന്നും ആന്‍ ലെസ്ലി സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

സമ്മറില്‍ വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടാം പകുതി ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ ഇരുവരും കാത്തിരിക്കുകയാണെന്നും മര്‍ഡോക്ക് പറഞ്ഞു.

അമേരിക്കയിലെ ഫോക്‌സ് ന്യൂസ് ചാനലും യുകെയിലെ സണ്‍ ദിനപ്പത്രം ഉള്‍പ്പെടെയുളള മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ് മര്‍ഡോക്ക്. ആദ്യ മൂന്ന് വിവാഹത്തില്‍ മര്‍ഡോക്കിന് ആറു കുട്ടികളുണ്ട്. ഫ്ളൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറാണ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. ഇതില്‍ ഒരു മകളുണ്ട്. എന്നാല്‍ ഈ ബന്ധം വേര്‍പെടുത്തി അന്ന മാനെയാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളാണുള്ളത്. പിന്നീട് വെന്‍ഡി ഡാങിനെ വിവാഹം കഴിച്ചു. ഇതില്‍ രണ്ട് കുട്ടികളുണ്ട്. ഈ ബന്ധവും വേര്‍പിരിഞ്ഞ മര്‍ഡോക്ക് മുന്‍ മോഡലും നടിയുമായ ജെറി ഹാളിനെ 2016-ല്‍ ലണ്ടനില്‍ വച്ച് വിവാഹം ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ബന്ധവും വേര്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.