സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍; സമരത്തിന് കുറേക്കൂടി തീവ്രത വേണമെന്ന് ഘടകകക്ഷികള്‍

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍; സമരത്തിന് കുറേക്കൂടി തീവ്രത വേണമെന്ന് ഘടകകക്ഷികള്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സമരം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനം. മെയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനമെടുത്തത്. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെയാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.

മെയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ് രണ്ടാംവാരം സെക്രട്ടേറിയറ്റ് വളയാനാണ് യു.ഡി.എഫ് തീരുമാനം. നിയമസഭയ്ക്ക് അകത്ത് കാണിക്കുന്നത് പോലെ പുറത്ത് നിന്നുള്ള സമരത്തിനും തീവ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കക്ഷിനേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബജറ്റ് സമ്മേളന കാലയളവില്‍ ഉടനീളം സര്‍ക്കാരിനെതിരേ പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബജറ്റിലെ നികുതി വര്‍ധന, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം തുടങ്ങിയ വിഷങ്ങളിലെല്ലാം പ്രതിപക്ഷം വലിയ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടി ശക്തമായ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്നും യോഗം വിലയിരുത്തി.

അതേസമയം ആര്‍.എസ്.പിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരാന്‍ തീരുമാനിച്ചു. എല്ലാ മാസവും യോഗം എന്ന കാലയളവ് വയ്ക്കാതെ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമായി വരുമ്പോള്‍ യോഗം ചേരണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.