ദുബായ് വേള്‍ഡ് കപ്പ് തുടങ്ങുന്നു, പ്രധാനറോഡുകളില്‍ ഗതാഗത കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് ആർടിഎ

ദുബായ് വേള്‍ഡ് കപ്പ് തുടങ്ങുന്നു, പ്രധാനറോഡുകളില്‍ ഗതാഗത കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് ആർടിഎ

ദുബായ്: ലോകത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുളള കുതിരയോട്ട മത്സരമായ ദുബായ് വേള്‍ഡ് കപ്പ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ ദുബായിലെ പ്രധാന റോഡുകളില്‍ ഗതാഗത കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മെയ്ഡാന്‍ സ്ട്രീറ്റ്, അല്‍ ഖെയില്‍ റോഡ്, ദുബായ് - അലൈന്‍ റോഡ്, എന്നിവിടങ്ങളില്‍ ഗതാഗത കാലതാമസമുണ്ടാകാമെന്നാണ് അറിയിപ്പ്. രാത്രി 1 മണിമുതല്‍ ഗതാഗതകാലതാമസം അനുഭവപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്.

മെയ്ഡാന്‍ റെയ്സ് കോഴ്സിലാണ് ദുബായ് വേള്‍ഡ് കപ്പ് നടക്കുന്നത്. 12 രാജ്യങ്ങളില്‍ നിന്നുളള 126 കുതിരകള്‍ വേള്‍ഡ് കപ്പിന്‍റെ ഭാഗമാകും. 30.5 ദശലക്ഷം ഡോളർ സമ്മാനത്തുകയുളള വേള്‍ഡ് കപ്പ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്.

എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് വേള്‍ഡ് കപ്പ് നടക്കുന്നത്. ദുബായ് വേള്‍ഡ് കപ്പിന്‍റെ ഇരുപ്പത്തിയേഴാമത് അധ്യായത്തിനാണ് ഇന്ന് തുടക്കമാകുന്നത്. റമദാന്‍ മാസത്തില്‍ ഇത് ആദ്യമായാണ് വേള്‍ഡ് കപ്പ് നടക്കുന്നത്. വേള്‍ഡ് കപ്പ് വേദിയില്‍ നോമ്പുതുറക്കായി ഇത്തവണ ദുബായ് പൊലീസിന്‍റെ പരമ്പരാഗത പീരങ്കി ഉപയോഗിക്കും.

കുതിരയോട്ടത്തിലേക്കുളള ടിക്കറ്റ് നിരക്ക് 20 ദിർഹമാണ്. ദുബായ് റേസിംഗ് ടിവിയില്‍ തത്സമയ പ്രക്ഷേപണമുണ്ടാകും. കുതിരയോട്ട മത്സരത്തിന്‍റെ 26ാം പതിപ്പില്‍ അമേരിക്കയുടെ കണ്‍ട്രി ഗ്രാമര്‍ എന്ന കുതിര ആണ് വിജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.