കൊച്ചി: സംസ്ഥാനത്തെ കായല്‍ സംരക്ഷണം വന്‍ പരാജയം. ദേശീയ ഗ്രീന്‍ ട്രൈബൂണല്‍ കേരളത്തിന് 10 കോടി രൂപ പിഴയിട്ടു. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഗ്രീന്‍ ട്രൈബൂണല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പത്ത് കോടി രൂപ ഒരുമാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കുകയും വേണമെന്ന് നിര്‍ദേശമുണ്ട്.
ആറ് മാസത്തിനുള്ളില്‍ കര്‍മപദ്ധതി നടപ്പാക്കണമെന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നത്. അതിനുള്ളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് പിഴത്തുക ഈടാക്കണം. പരിസ്ഥിതിപ്രവര്‍ത്തകനായ കെ.വി കൃഷ്ണദാസാണ് സര്‍ക്കാരിനെതിരേ ഹരിത ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തത്.
ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിഷയവിദഗ്ധന്‍ ഡോ. എ. സെന്തില്‍വേല്‍ എന്നിവരുള്‍പ്പെട്ട ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തണ്ണീര്‍ത്തടങ്ങള്‍ കൂടിയായ വേമ്പനാട്, അഷ്ടമുടി കായലുകള്‍ക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും കേരള സര്‍ക്കാരും മാലിന്യസംസ്‌കരണം കൃത്യമായി നടത്തുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് ട്രൈബ്യൂണലിന്റെ വിലയിരുത്തല്‍.
വേമ്പനാട്, അഷ്ടമുടി കായലുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ 100 മില്ലിലിറ്ററില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിരുന്നു. 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ അഞ്ഞൂറില്‍ താഴെയായിരിക്കണം കോളിഫോം ബാക്ടീരിയയുടെ എണ്ണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.