തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനിടെ 20 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ നേരത്തേ പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റി വയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.