സംസ്ഥാനത്ത് പുതിയ ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ നാളെ മുതല്‍; ഇന്ധന വിലയും ഭൂമി ന്യായവിലയും ഉള്‍പ്പെടെ വര്‍ധിക്കും

സംസ്ഥാനത്ത് പുതിയ ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ നാളെ മുതല്‍; ഇന്ധന വിലയും ഭൂമി ന്യായവിലയും ഉള്‍പ്പെടെ വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ഇന്ധനവില, ഭൂമിന്യായവില, കെട്ടിടനികുതി, വാഹനനികുതി, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം തുടങ്ങിയവയ്ക്കെല്ലാം ചിലവേറും.

വിവിധ സേവന മേഖലകളിലും ചില വേറുകയും പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതും നാളെ മുതലാണ്.

ഏറ്റവും പ്രധാനമായും പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത് വഴിയുണ്ടാകുന്ന വില വര്‍ധനവാണ്. ലിറ്ററിന് രണ്ട് രൂപയാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ തമിഴ്നാടും കര്‍ണാടകവുമായി നാല് രൂപയോളം വര്‍ധന ഇന്ധന വിലയില്‍ കേരളത്തിനുണ്ട്. ഇത് വീണ്ടും വര്‍ധിക്കുന്നതോടെ അതിര്‍ത്തികളിലെ വാഹനങ്ങള്‍ ഏറിയ പങ്കും മറ്റ് സംസ്ഥാനങ്ങളില്‍ തന്നെ ഇന്ധനം നിറയ്ക്കാന്‍ പോയേക്കുമെന്നത് തിരിച്ചടിയാകും.
ഒരു രൂപ കുറച്ചേക്കുമെന്ന് ആദ്യം പ്രചരിച്ചെങ്കിലും അതിന് ഉദ്ദേശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.

കൂടാതെ ഭൂമി ന്യായവിലയില്‍ 20 ശതമാനത്തോളം വര്‍ധനവും നിലവില്‍ വരും. രജിസ്ട്രേഷനും ചിലവേറും. അപാര്‍ട്ടുമെന്റ്, ഫ്‌ളാറ്റ് ഇവ നിര്‍മ്മിച്ച് ആറ് മാസത്തിനകം കൈമാറുന്നതിനുള്ള നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമാകും. മദ്യത്തിനും വിലകൂടും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തില്‍ 500 മുതല്‍ 999 വരെ വിലയുള്ളവയ്ക്ക് കുപ്പി ഒന്നിന് 20 രൂപ അധികം നല്‍കേണ്ടി വരും. 1000 രൂപയ്ക്ക് മുകളിലെങ്കില്‍ 40 രൂപയാണ് സാമൂഹ്യസുരക്ഷാ സെസ്.
അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ്, കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് മൂന്ന് മാസത്തിനിടെ അടക്കേണ്ട നികുതിയില്‍ 10 ശതമാനം ഇളവുണ്ട്. 30 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്ന ബിപിഎല്‍ കുടുംബത്തിന് കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററിന് താഴെയുള്ള വീടുകള്‍ക്ക് നികുതിയിളവുമുണ്ടാകും.

യുപിഐ സേവനങ്ങളില്‍ അക്കൗണ്ടില്‍ നിന്നും മുന്‍കൂറായി പണമടച്ചുള്ള വാലറ്റ് സേവനങ്ങള്‍ക്ക് ചിലവേറും. 2000 രൂപയ്ക്ക് മുകളില്‍ കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കള്‍ക്ക് 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീ നല്‍കേണ്ടി വരും. അതുപോലെ സെക്കന്റ്ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതിയും നാളെ മുതല്‍ നിലവില്‍ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.