വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഡോ. സിസ തോമസിന് കുറ്റാരോപണ മെമോ

വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഡോ. സിസ തോമസിന് കുറ്റാരോപണ മെമോ

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ഡോ. സിസ തോമസിന് കുറ്റാരോപണ മെമോ. സര്‍ക്കാര്‍ അനുമതിയില്ലാതെ വിസിയുടെ താല്‍കാലിക ചുമതല ഏറ്റെടുത്തതിനാണ് മെമോ. വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മെമോ. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ചുമതലകളില്‍ വീഴ്ച വരുത്തി. ഫയലുകള്‍ അലക്ഷ്യമായും വൈകിപ്പിച്ചും കൈകാര്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളും സിസക്കെതിരെ ഉയര്‍ന്നിരുന്നു.

നേരത്തെ ഡോ. സിസ തോമസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ക്കു ഹൈക്കോടതിയില്‍ നിന്നു തിരിച്ചടി നേരിട്ടിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു വേണം നിയമനം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. പ്രത്യേക സാഹചര്യത്തില്‍ നടത്തിയ നിയമനം ആയതിനാല്‍ സിസ തോമസിന്റെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ അധിക ചുമതല നല്‍കിയാണ് ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് ഡോ. സജി ഗോപിനാഥിനെ നിയമിച്ചത്.

നേരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി നിയമിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ പാനലില്‍ സജി ഗോപിനാഥിന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഗവര്‍ണര്‍ തള്ളുകയായിരുന്നു. പുറത്താക്കാതിരിക്കുന്നതിനു താന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സജി ഗോപിനാഥ് അയോഗ്യനാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ വിസിയായി നിയമിക്കുന്നവരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സജി ഗോപിനാഥ് ഉള്‍പ്പെടെ മൂന്നു പേരുടെ പാനല്‍ ആണ് സര്‍ക്കാര്‍ നല്‍കിയത് ഇതില്‍ നിന്നായിരുന്നു നിയമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.