വാഷിങ്ടണ്‍: നാസയുടെ പുതുതായി സ്ഥാപിതമായ മൂണ്‍ ടു മാര്‍സ് പ്രോഗ്രാമിന്റെ ആദ്യ തലവനായി ഇന്ത്യന്‍ വംശജനായ സോഫ്റ്റ്‌വെയര്‍, റോബോട്ടിക്‌സ് എന്‍ജിനിയര്‍ അമിത് ക്ഷത്രിയ. ചന്ദ്രനിലും ചൊവ്വയിലും നാസയുടെ മനുഷ്യ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മൂണ്‍ ടു മാര്‍സ് എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ക്ഷത്രിയ പദ്ധതിയുടെ ആദ്യ മേധാവിയായി ഉടന്‍ തന്നെ ചുമതലയേല്‍ക്കുമെന്നും നാസ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങള്‍ക്കായി പ്രോഗ്രാം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്തമാണ് ക്ഷത്രിയയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടുമെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിനായി ഓറിയോണ്‍ പേടകം, റോക്കറ്റ് വിക്ഷേപണസംവിധാനമായ എസ്.എല്‍.എസ്. എന്നിവ നിര്‍മിച്ചത് അമിതിന്റെ മേല്‍നോട്ടത്തിലാണ്.
ചന്ദ്രനിലേക്കുള്ള തങ്ങളുടെ ധീരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ആദ്യത്തെ മനുഷ്യനെ ചൊവ്വയില്‍ ഇറക്കാനും നാസയെ സജ്ജമാക്കാന്‍ മൂണ്‍ ടു മാര്‍സ് പ്രോഗ്രാം ഓഫീസ് സഹായിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വ്യക്തമാക്കി.
ചൊവ്വയിലേക്കുള്ള മനുഷ്യരാശിയുടെ അടുത്ത കുതിപ്പിന് തയ്യാറെടുക്കുന്നിന് ദീര്‍ഘകാലം ചന്ദ്രനില്‍ സാന്നിധ്യമാകാനാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ആദ്യത്തെ മനുഷ്യനെ ചൊവ്വയില്‍ ഇറക്കാനും നാസയെ സജ്ജമാക്കാന്‍ മൂണ്‍ ടു മാര്‍സ് പ്രോഗ്രാം ഓഫീസ് സഹായിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കോമണ്‍ എക്‌സ്‌പ്ലൊറേഷന്‍ സിസ്റ്റംസ് ഡെവലപ്മെന്റ് ഡിവിഷന്റെ ആക്ടിങ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ക്ഷത്രിയ. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, റോബോട്ടിക്സ് എന്‍ജിനീയര്‍, സ്പേസ് ക്രാഫ്റ്റ് ഓപ്പറേറ്റര്‍ എന്നീ നിലകളില്‍ ജോലി ചെയ്ത ക്ഷത്രിയ 2003ലാണ് ബഹിരാകാശ പദ്ധതിയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്.
2014 മുതല്‍ 2017 വരെ അദ്ദേഹം ബഹിരാകാശ സ്റ്റേഷന്‍ ഫ്‌ളൈറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ആര്‍ട്ടിമിസ് ഒന്നാം ദൗത്യത്തിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
അമേരിക്കയിലെ ആദ്യ തലമുറയില്‍പ്പെട്ട ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായ ക്ഷത്രിയ കാലിഫോര്‍ണിയയിലെ പസഡേനയിലുള്ള കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ബഹിരാകാശ നിലയത്തിലേക്കുള്ള 50-ാമത് പര്യവേഷണത്തിന്റെ ലീഡ് ഫ്‌ളൈറ്റ് ഡയറക്ടറെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാസയുടെ മികച്ച ലീഡര്‍ഷിപ്പ് മെഡലും ലീഡ് റോബോട്ടിക് ഓഫിസര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സില്‍വര്‍ സ്നൂപ്പി അവാര്‍ഡും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.