സ്‌കൂള്‍ സമയമാറ്റം; മത സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച

സ്‌കൂള്‍ സമയമാറ്റം; മത സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളുമായി സര്‍ക്കാര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലരയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ചേംബറിലാണ് ചര്‍ച്ച. മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

സമസ്ത ഏകോപന സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും. സമസ്തയടക്കം വിവിധ സംഘടനകള്‍ സ്‌കൂള്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമര പ്രഖ്യാപനമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

ഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂള്‍ സമയ മാറ്റത്തെ അംഗീകരിക്കുന്നു എന്ന പഠന റിപ്പോര്‍ട്ടിലെ എതിര്‍പ്പായിരിക്കും സമസ്ത ഉന്നയിക്കുക എന്നാണ് സൂചന. സര്‍വേ നടത്തിയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് എന്നും ആറ് ജില്ലകളില്‍ മാത്രം നടത്തിയ സര്‍വേ പര്യാപ്തമല്ലെന്നും സമസ്ത പറയുന്നു.

സ്‌കൂള്‍ സമയം മാറുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസമാകുമെന്നാണ് സമസ്തയുടെ പ്രധാന ആരോപണം. എന്നാല്‍ സര്‍ക്കാര്‍ സമയമാറ്റ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ശക്തമായ നിലാപടില്‍ തന്നെയാണ്. തീരുമാനം മാറില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മത സാമുദായിക സംഘടനകള്‍ക്ക് അടിമപ്പെടില്ലെന്നും അദേഹം പറഞ്ഞിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.