എയര്‍ ഇന്ത്യ വിമാനാപകടം: മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണം; യു.കെ സര്‍ക്കാരുമായി ആശയവിനിമയം നടത്തി കേന്ദ്ര സര്‍ക്കാര്‍

എയര്‍ ഇന്ത്യ വിമാനാപകടം: മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണം; യു.കെ സര്‍ക്കാരുമായി ആശയവിനിമയം നടത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരണപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണത്തില്‍ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്നും തികഞ്ഞ ആദരവോടെയാണ് മൃതദേഹങ്ങള്‍ കൈമാറിയതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

യു.കെ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് യു.കെ അധികൃതരുമായി തുടര്‍ന്നും സഹകരിക്കുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഇന്നലെയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തില്‍പ്പെട്ട രണ്ട് യു.കെ പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണം ഉയര്‍ന്നത്.

യുകെ പൗരന്മാരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ജെയിംസ് ഹീലി പ്രാറ്റാണ് ആരോപണവുമായി രംഗത്തെത്തിയത്. യു.കെയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മരിച്ചവരുടെ ഡിഎന്‍എ കുടുംബങ്ങളുടെ ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിഞ്ഞതായി ജെയിംസ് ഹീലി ആരോപിച്ചിരുന്നു. മൃതദേഹങ്ങള്‍ മാറിപ്പോയ സംഭവം കുടുംബങ്ങളെ അതീവ ദുഖത്തിലാക്കിയെന്നും എയര്‍ ഇന്ത്യയില്‍ നിന്നടക്കമുളള ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി മരിച്ചവരുടെ കുടുംബങ്ങള്‍ കാത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 261 പേരില്‍ 52 പേര്‍ ബ്രിട്ടീഷുകാരായിരുന്നു. ഇവരില്‍ 12 ബ്രിട്ടീഷ് പൗരന്മാരുടെ ഭൗതിക ശരീരങ്ങളാണ് ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. നിരവധി ബ്രിട്ടീഷ് പൗരന്മാരുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ത്യയില്‍ നടത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ യുകെയിലേക്ക് അയച്ച മൃതദേഹാവശിഷ്ടങ്ങളില്‍ പലതും സംസ്‌കരിച്ചിരുന്നു. എന്നാല്‍ രണ്ട് കുടുംബങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി. ഇതോടെയാണ് തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടേതല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞത്.

ജൂണ്‍ 12 നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം അഗ്നിഗോളമായി മാറി നിലംപതിക്കുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാണ് ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കിയത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.