സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഗൃഹനാഥന് മരണം

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഗൃഹനാഥന് മരണം

കൊച്ചി: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കണ്ണൂർ കണ്ണവത്ത് വീടിന് മുകളിൽ മരം വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പെരുവ സ്വദേശി പെരുവഴിയിലെ ചന്ദ്രനാണ് മരിച്ചത്. കണ്ണൂർ പള്ളിക്കുന്നിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തോട്ടുമുക്കം മൈസൂർപട്ടയിൽ കൃഷ്‍ണന്റെ വീടാണ് തകർന്നത്.

കോഴിക്കോട് കൊടിയത്തൂരിൽ മരം കടപുഴകി വീണ് വീട് തകർന്നു. താമരശേരിയിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ പന മുറിഞ്ഞുവീണ് വാഹനം തകർന്നു. കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ വാഹനമാണ് തകർന്നത്. കൂടത്തായിൽ വീടിന് മുകളിലേക്ക് കൂറ്റൻ തേക്കുമരവും തെങ്ങും വീണ് വീട് തകർന്നു.

പാലക്കാട് ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. തച്ചമ്പാറ കുന്നംതിരുത്തിൽ വീടിൻ്റെ മുകളിൽ മരം വീണ് രണ്ടു പേർക്ക് പരിക്കേറ്റു. നെന്മാറ വിത്തനശേരിയിൽ ലക്ഷംവീട് കോളനിയിലെ വീട് നിലംപൊത്തി. വിത്തനശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടാണ് തകർന്നത്. കാറ്റിൽ മേൽക്കൂര പറന്നുപോയി. മഴയിൽ ചുമർ നിലംപൊത്തി. ഇരുവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മംഗലം ഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റും ലൈനും തകർന്നു. പിന്നീട് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മംഗലം ഡാമിലേക്കുള്ള പ്രധാന റോഡാണ് ഇത്. ഈ സമയത്ത് മറ്റു വാഹനങ്ങൾ വരാത്തത് വലിയ അപകടം ഒഴിവായി.

പാലക്കാട് - ചെറുപ്പളശേരി ദേശീയപാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. കോട്ടയം മറ്റക്കരയിൽ മരം കടപുഴകി വീടുകൾ തകർന്നു. മരം വീണ് മണ്ണൂർപ്പള്ളിക്കടുത്ത് വട്ടക്കൊട്ടയിൽ വീട്ടിൽ ജിജോ ജോസഫിൻ്റെ വീട് തകർന്നു. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ക്രിസ്റ്റിയുടെ തലയിൽ ഓട് തെറിച്ചു വീണ് പരിക്കേറ്റു. വീട്ടിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

എറണാകുളം ജില്ലയിൽ പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ മരമൊടിഞ്ഞതു വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെരിയാറിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ അപകടരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല. അതിരാവിലെ ആരംഭിച്ച കനത്ത മഴ ഒമ്പതു മണിയോടെ ശമിക്കുകയും പിന്നീട് ഇടവിട്ട് പെയ്യുകയുമാണ്. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. കുമ്പളം നോർത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുകള്‍ പറ്റി.

ആലുവ മേഖലയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. എന്നാൽ പുറപ്പള്ളിക്കാവ് റെഗുലേറ്റർ കം ബ്രി‍ജ് തുറക്കുന്നതു വഴി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്.

ഇടുക്കി ജില്ലയിലും കനത്ത മഴ തുടരുകയാണ്. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ ശക്തമാണ്. ശക്തമായ മഴയെത്തുടർന്ന് നദികളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നീരൊഴുക്ക് കൂടിയതോടെ ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.