തിരുവനന്തപുരം: ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് യോഗം. ജയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
പൊലീസ് മേധാവി, ജയില്‍ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പൊലീസിലേയും ജയില്‍ വകുപ്പിലേയും വിവിധ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള ആലോചനകളും നടക്കുകയാണ്. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഗോവിന്ദച്ചാമി.
സംസ്ഥാനത്തെ ജയിലുകളിലെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളായിരിക്കും പ്രധാനമായി പരിശോധിക്കുക. സുരക്ഷാവീഴ്ച അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്ന് ജയില്‍ മേധാവി കണ്ണൂരിലെത്തി ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.
അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഗോവിന്ദച്ചാമിയെ പിടികൂടുകയും ചെയ്തു. കണ്ണൂര്‍ തളാപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ പശ്ചാതലത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ചത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.