കുട്ടികൾ കളിക്കട്ടെ: താങ്ക്യൂ ബാലാവകാശ കമ്മീഷന്‍

കുട്ടികൾ കളിക്കട്ടെ: താങ്ക്യൂ ബാലാവകാശ കമ്മീഷന്‍

കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്ലക്സുകളും പരസ്യങ്ങളും ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. വിദ്യാർത്ഥികളില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്നതാണ് ഇത്തരം ​പ്രവണതകളെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്കായി സ്കൂളുകള്‍ പ്രത്യേക ക്ലാസ് ഏര്‍പ്പെടുത്തുന്നത് നിരോധിക്കണം. പരീക്ഷകള്‍ക്കായുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണം. കുട്ടികളെ സ്‌കൂളുകളില്‍ വേര്‍തിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നല്‍കുന്നതും തടയണമെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ബാലാവകാശ കമ്മീഷന്‍ മുന്നോട്ട് വെക്കുന്നു.

നമ്മുടെ നാട്ടിലെ ചില സ്കൂളുകൾ ഉണ്ട്. അവിടെ പ്രവേശനം ലഭിക്കണമെങ്കിൽ തന്നെ 80% മാർക്ക് വേണം. പ്രവേശന പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടികൾക്ക് മാത്രം അഡ്മിഷൻ കൊടുക്കും, ഇത്രയും മാർക്ക് നേടുന്ന കുട്ടികൾ എങ്ങനെ വന്നാലും മികച്ച വിജയം നേടിയിരിക്കും. ആ കുട്ടികളുടെ കഷ്ടപ്പാടും ക്രെഡിറ്റും സ്കൂളുകൾ അടിച്ചുമാറ്റും എന്നിട്ട് 100% വിജയം നേടി എന്ന വലിയ പരസ്യവും പറഞ്ഞു നാട് നീളെ ഫ്ലക്സുകൾ സ്ഥാപിക്കും.

വേറൊരു കൂട്ടരുണ്ട് മിടുക്കരായ മൂന്നോ നാലോ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ആ നാലു കുട്ടികളും ജയിച്ചാൽ 100% വിജയം കൊട്ടിഘോഷിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇനിയും മറ്റൊരു കൂട്ടർ സ്വന്തം മക്കളുടെ ഫ്ളക്സ് നാട്ടുകാരുടെ പേരിൽ അടിച്ചു വെക്കുന്നത് കാണാം. ഇതിനൊക്കെ ഒരു അറുതി വരട്ടെ. മാർക്ക് കുറവുള്ള കുട്ടികൾ ഒരിക്കലും ഒരു പരാജയം അല്ല.

ഒരുവന്റെ വിജയവും മികവും അളക്കുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലല്ല, മികവിലാണ്. കണ്ണും മനസ്സും പുറത്തേക്കു തുറന്നു വെയ്ക്കു ലോകം ഒരു സര്‍വ്വകലാശാലയാണ്.. അവിടെ നിന്നും പഠിക്കാന്‍ ഏറെയുണ്ട്.

ഏതു സമയം നോക്കിയാലും ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണ്, പരീക്ഷയിലെ മാർക്ക് ഒന്ന് വന്നോട്ടെ ബാക്കി അപ്പോൾ പറയാം. ഇങ്ങനെയൊരു വാചകം കുട്ടികളോട് പറയുന്നത് നമ്മൾ മിക്ക വീടുകളിലും കേൾക്കുന്നതാണ്. നമ്മുടെ കുട്ടികൾ എല്ലാത്തിലും ഒരുപോലെ താൽപര്യം ഉണ്ടാവണമെന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ല. ഓരോരുത്തരുടെയും ബുദ്ധിശേഷി വ്യത്യസ്തമാണ്. എല്ലാവർക്കും തുല്യ കഴിവും ബുദ്ധിശക്തിയും ഉള്ളവരായിരുന്നെങ്കിൽ ഭൂമിയിലെ ജീവിതം തന്നെ ദുഷ്കരമായി മാറിയേനെ.

ഡോക്ടർമാരും എഞ്ചിനീയർമാരും സിവിൽ സർവീസ്കാരും മാത്രം ഉണ്ടായതുകൊണ്ട് ജീവിതം മുന്നോട്ടു പോകില്ല. രാവിലെ വയലിലെത്തി കൃഷി ചെയ്യുന്ന കർഷകരും അവരെ സഹായിക്കുന്ന തൊഴിലാളികളും ഇല്ലായിരുന്നുവെങ്കിൽ എല്ലാവരും പട്ടിണി മൂലം മരിച്ചു പോകേണ്ടിവരുമായിരുന്നല്ലോ; ആയതിനാൽ കുട്ടികളുടെ കഴിവുകളും താല്പര്യങ്ങളും കണ്ടെത്തി അതാതു മേഖലയിലേക്ക് തിരിച്ചുവിടാനുള്ള മാർഗ്ഗമായി മാത്രം നമ്മൾ പരീക്ഷകളെയും വിദ്യാഭ്യാസത്തെയും നോക്കി കാണുക.

സ്വന്തം മക്കളുടെ ജീവിതത്തിൻ്റെ ആകെത്തുക എസ്എസ്എൽസി മാർക്ക് ലിസ്റ്റ് ആണെന്ന് കരുതരുത്. അത് വെറും ഉപരിപഠനത്തിനുള്ള യോഗ്യത മാത്രം, അയൽവാസിയുടെയും കുടുംബക്കാരുടെയും മാർക്കുമായി സ്വന്തം മക്കളുടെ മാർക്കുകൾ താരതമ്യം ചെയ്യരുത് അവരുടെ സാഹചര്യവും ജീവിതശൈലിയും വ്യത്യസ്തമാണ് ആ കുഞ്ഞുങ്ങളെക്കാൾ പാഠ്യേതര കഴിവുകൾ കൂടുതൽ നിങ്ങളുടെ കുഞ്ഞിന് ആയിരിക്കും ഫുൾ എ പ്ലസ് കിട്ടിയവരെ അനുമോദിക്കുന്ന തിരക്കിനിടയിൽ മറന്നുപോകരുത് കഷ്ടിച്ച് പാസായ നമ്മുടെ മക്കളുടെ കഠിനാധ്വാനം.

ഇനിയുള്ള രണ്ടുമാസങ്ങൾ അവർ പാറിനടക്കട്ടെ, ബന്ധു വീട്ടിലും കുടുംബവീട്ടിലും പാടത്തും പറമ്പിലും കുളത്തിലും മരത്തിലുമെല്ലാം, ദയവു ചെയ്തു കമ്പ്യൂട്ടർ ക്ലാസ്സ്‌, സപോക്കൺ ഇംഗ്ലീഷ്, വെക്കേഷൻ ക്ലാസ്സ്‌ എന്നെല്ലാം പറഞ്ഞു ശല്യം ചെയ്യരുത്. ബന്ധങ്ങൾ ചുരുങ്ങി ചുരുങ്ങി വരുന്ന ഈ കാലത്ത് അവർ കുറച്ചു നല്ല പുതിയ ബന്ധങ്ങൾ ഉണ്ടാക്കട്ടെ, ഉള്ള ബന്ധങ്ങൾ ഒന്ന് ശക്തി പെടുത്തട്ടെ...ഹോം വർക്കും ടെസ്റ്റ്‌ പേപ്പറും പേടിക്കാതെ മനസ്സ് സന്തോഷിച്ചു ഒന്ന് പൊട്ടി ചിരിക്കട്ടെ, ശേഷം വരുന്ന കാലത്ത് എപ്പോഴെങ്കിലും അത് ഓർത്ത് ചിരിക്കാൻ അവർക്ക് ഒരു അവസരം നൽകു !

താങ്ക്യൂ ബാലാവകാശ കമ്മീഷന്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.