വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയയില്‍ സ്‌കൂള്‍ അധ്യാപികയെ ആറു വയസുകാരനായ വിദ്യാര്‍ത്ഥി വെടിവച്ച കേസില്‍ നാല്‍പത് ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അധ്യാപിക കേസ് ഫയല്‍ ചെയ്തു. മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ കടുത്ത അവഗണന ചൂണ്ടിക്കാട്ടിയാണ് കേസ്.
കുട്ടിക്ക് അക്രമവാസനയുണ്ടായിരുന്നു എന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് തിങ്കളാഴ്ച ഫയല്‍ ചെയ്ത കേസില്‍ വാദിക്കുന്നു. ഇതിന് മുന്‍പുള്ള പല സംഭവങ്ങളെയും കേസില്‍ അധാരമാക്കിയിട്ടുണ്ട്.
25 വയസുകാരിയായ അധ്യാപിക അബിഗെയ്ല്‍ എബി സ്വെര്‍നര്‍ ജനുവരി ആറിന് കൈയിലും നെഞ്ചിലും വെടിയേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും നാലു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു.
വിര്‍ജീനിയ ബീച്ചിന്റെ വടക്ക്-പടിഞ്ഞാറുള്ള ന്യൂപോര്‍ട്ട് ന്യൂസിലെ റിച്ച്നെക്ക് എലിമെന്ററി സ്‌കൂളിലേക്കാണ് കുട്ടി തന്റെ സ്‌കൂള്‍ ബാഗില്‍ തോക്ക് കൊണ്ടുവന്നത്. വെടിയേറ്റ ശേഷവും, സ്വെര്‍നര്‍ തന്റെ മറ്റ് വിദ്യാര്‍ത്ഥികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടാണ് സ്വയരക്ഷയ്ക്കായി ശ്രമിച്ചത്.
'അവള്‍ ഒരു ധീര വനിതയാണ്' - സംഭവത്തിന് ശേഷം പോലീസ് മേധാവി സ്റ്റീവ് ഡ്രൂ പറഞ്ഞു.
അമ്മ നിയമപരമായി വാങ്ങിയ തോക്കാണ് കുട്ടി കൈക്കലാക്കിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതേതുടര്‍ന്ന്, 550 കുട്ടികളുള്ള റിച്ച്നെക്കിലും ജില്ലയിലെ മറ്റെല്ലാ സ്‌കൂളുകളിലും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കാന്‍ സ്‌കൂള്‍ ഭരണ സമിതികള്‍ തീരുമാനിച്ചു.
സ്‌കൂള്‍ സൂപ്രണ്ടിനെ ഭരണസമിതി പുറത്താക്കുകയും അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ കുട്ടിക്കെതിരെയോ മറ്റാര്‍ക്കെങ്കിലുമെതിരെയോ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇതേ കുട്ടി തന്റെ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു എന്ന കുറ്റവും ആരോപിക്കപ്പെട്ടിട്ടുണ്ട്. കുട്ടി മറ്റ് വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും സ്റ്റാഫിനെ അസഭ്യം പറഞ്ഞതായും കേസില്‍ ആരോപിക്കുന്നു.
സംഭവത്തിന് രണ്ട് ദിവസം മുമ്പ്, ക്ലാസിലെ റീഡിംഗ് ടേബിളില്‍ ഇരിക്കുകയായിരുന്ന സ്വെര്‍നറുടെ മൊബൈല്‍ ഫോണ്‍ എടുത്ത് നിലത്തിട്ട് അടിച്ചു തകര്‍ത്തതായും പരാതിയില്‍ പറയുന്നു. ഇതിന്റെ പേരില്‍ കുട്ടിക്ക് ഒരു ദിവസത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.
കുട്ടിക്ക് സാരമായ പെരുമാറ്റ വൈകല്യം ഉണ്ടെന്നും മാതാപിതാക്കളില്‍ ഒരാളോടൊപ്പമല്ലാതെ സ്‌കൂളില്‍ പോയിരുന്നില്ല എന്നും അവന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസ് വിശദാംശങ്ങളില്‍ പറയുന്നത് കുട്ടി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുമായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നു. അധ്യാപകര്‍ക്കു നേരെ മാത്രമല്ല സ്‌കൂളിനകത്തും പുറത്തും അതു പോലെ വഴിയില്‍ കണ്ടുമുട്ടുന്നവരുടെ നേരെയും അവന്‍ ആക്രമണോത്സുകനാകുമായിരുന്നു.
ശരീരത്തിനേറ്റ പരിക്കുകള്‍, ശാരീരിക വേദന, മാനസിക വേദന, നഷ്ടപ്പെട്ട വരുമാനം, മറ്റ് നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സ്വെര്‍നര്‍ ആവശ്യപ്പെട്ടു. മരിച്ചു പോയെന്നാണ് താന്‍ കരുതിയതെന്നും അവര്‍ പറയുന്നു.
അതേസമയം, സംഭവത്തെക്കുറിച്ചുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ അന്വേഷണളോട് ന്യൂപോര്‍ട്ട് ന്യൂസ് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.