കൊച്ചി: ദുഃഖവെള്ളിയിൽ ലോകം അവസാനിക്കില്ലെന്നും ഉത്ഥാനഞായർ നമ്മെ കാത്തിരിപ്പുണ്ടെന്നും അതിനാൽ നിർഭയം കുരിശുകളെ സ്വീകരിക്കണമെന്നും പീഡാനുഭവ സന്ദേശത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പീഡാനുഭവവെള്ളി തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതക്ലേശങ്ങളാകുന്ന കുരിശുകൾ വഹിക്കുന്നവരോടു സഹാനുഭൂതിയോടെ ചേർന്നുനിൽക്കണമെന്നും കുരിശിന്റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണമെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.
യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം വായിക്കുകയും പരിഹാരപ്രദക്ഷിണം നടത്തുകയും സ്ലീവാ ചുംബനത്തോടെ അവസാനിക്കുകയും ചെയ്ത ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങളിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു. വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, ആരാധനാക്രമ ഗവേഷണ കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോജി കല്ലിങ്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ആന്റണി വടക്കേകര, ഫാ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. പ്രകാശ് മറ്റത്തിൽ, ഫാ. മാത്യു തുരുത്തിപ്പിള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.