ടെഹ്റാന്‍: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇറാന്‍ പൊലീസ്. രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മത പൊലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ രാജ്യത്ത് നടന്നുവന്ന ജനകീയ പ്രക്ഷോഭത്തില്‍ അയവു വന്ന സാഹചര്യത്തിലാണ് പുതിയ വിവാദ നടപടിക്ക് ഇറാന്‍ പൊലീസ് തയ്യാറാകുന്നത്.
ഇത്തരത്തില്‍ ക്യാമറയില്‍ പതിയുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹിജാബ് നിയമം തെറ്റിച്ചത് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളില്‍ ഹിജാബ് അഴിച്ചു മാറ്റുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും അടുത്ത ഘട്ടമെന്ന നിലയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
കാറുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഹിജാബ് നിയമം തെറ്റിച്ചാല്‍, കാര്‍ ഉടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കും. നിയമ ലംഘനം തുടര്‍ന്നാല്‍ വാഹനം പിടിച്ചെടക്കും. ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും ഇറാന്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
2022 സെപ്റ്റംബര്‍ 16 നാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ മത പൊലീസ് ഖുര്‍ദിഷ് വംശജയായ മഹ്സ അമീനിയെ അറസ്റ്റ് ചെയ്തത്. മര്‍ദനത്തിന് പിന്നാലെ മഹ്സ മരിച്ചു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നത്.
സ്ത്രീകള്‍ തെരുവുകളില്‍ ഹിജാബ് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്തു. സുരക്ഷാ സേനയും ജനങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി പേര്‍ക്ക് ഇറാന്‍ വധശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.