'ഗ്രഹാം സ്റ്റെയിന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നവരുടെ ന്യൂനപക്ഷ സ്‌നേഹം പരിഹാസ്യം'; ബിജെപിയുടെ നാടകം കേരള ജനത തള്ളിക്കളയുമെന്ന് സിപിഎം

'ഗ്രഹാം സ്റ്റെയിന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നവരുടെ ന്യൂനപക്ഷ സ്‌നേഹം പരിഹാസ്യം'; ബിജെപിയുടെ നാടകം കേരള ജനത തള്ളിക്കളയുമെന്ന് സിപിഎം

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മതമേലധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്ച നാടകമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെ നിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണ്. ബിജെപിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെയും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്. ഗ്രഹാം സ്റ്റെയിന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ക്രിസ്തുമസ് ആഘോഷ വേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബിജെപി നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപല്‍ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകള്‍ ഇതിന് അടിവരയിടുന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.