സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ച വാഹനാപകടം; ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ച വാഹനാപകടം;  ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കോട്ടയം: വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ മകന്‍ കെ.എം മാണി ജൂനിയറി ( കുഞ്ഞുമാണി) നെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. ഇന്നോവ കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ സ്‌കൂട്ടര്‍ കാറിന് പിന്നിലിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളായ മാത്യു ജോണ്‍ (ജിസ്-35), സഹോദരന്‍ ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്.

ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ ജോസ് കെ. മാണിയുടെ സഹോദരീ ഭര്‍ത്താവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചത് 47 വയസുള്ള ഒരാള്‍ എന്നായിരുന്നു പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകന്‍ കെ.എം മാണിയാണെന്ന ആരോപണം അന്നു തന്നെ ഉയര്‍ന്നിരുന്നു. ഇതിനിതിരേ പ്രതിഷേധങ്ങളും ശക്തമായിരുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തില്‍ വിട്ടതായി കോട്ടയം എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.

അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടില്‍ പോയി മടങ്ങിവരുകയായിരുന്നു മരിച്ച സഹോദരങ്ങള്‍. കറിക്കാട്ടൂര്‍ ഭാഗത്തു നിന്ന് മണിമല ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു.

അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു ഇരുവരും. മുണ്ടത്താനം പുത്തല്‍പുരയ്ക്കല്‍ അന്‍സുവാണ് മാത്യു ജോണിന്റെ ഭാര്യ. പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് അന്‍സു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.