ട്രെയിന്‍ തീവയ്പ്പ്: ഷാറൂഖിന്റെ വേരുകള്‍ തേടി കേരള പൊലീസ്; കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം

ട്രെയിന്‍  തീവയ്പ്പ്: ഷാറൂഖിന്റെ വേരുകള്‍ തേടി കേരള പൊലീസ്; കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി. കേസിലെ സാക്ഷികളെ ക്യാമ്പിലെത്തിച്ചാണ് അന്വേഷണ സംഘം തിരിച്ചറിയല്‍ പരേഡ് നടത്തിയത്. എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍, ഐ.ജി നീരജ് കുമാര്‍ ഗുപ്ത എന്നിവരും ക്യാമ്പിലെത്തിയിരുന്നു. സാക്ഷികളില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു.

മുന്‍പ് കോയമ്പത്തൂരിലും മംഗലാപുരത്തും ഉണ്ടായ കാര്‍ സ്ഫോടനവും ഈ ട്രെയിന്‍ ആക്രമണവും തമ്മില്‍ ചില സാമ്യതകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിരുന്നു. തുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും നീണ്ടു. ഷാറൂഖിന് കോയമ്പത്തൂര്‍ കാര്‍ സ്ഫോടനവുമായി ബന്ധമുണ്ടോ എന്നകാര്യം അന്വേഷിക്കുന്നതായി പൊലീസ് കമ്മീഷണര്‍ വി. ബാലകൃഷ്ണന്‍ പറഞ്ഞു.

മാത്രമല്ല ഷാറൂഖിന്റെ വേരുകള്‍ തേടി ഡല്‍ഹിക്ക് പുറത്തും പരിശോധന നടത്തും. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.

അതേസമയം ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും തിരികെ ഡല്‍ഹിക്ക് എത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയവും ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം മറ്റൊന്നായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ട്രെയിനിനകത്ത് വെച്ച് ഇയാള്‍ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
അതേസമയം ഷാരൂഖ് സെയ്ഫിയെ ഇന്ന് വീണ്ടും തെളിവെടുപ്പിന് ഇറക്കും. ഷൊര്‍ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടക്കാനുള്ളത്. ഷാറൂഖ് ഇറങ്ങിയ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, പെട്രോള്‍ വാങ്ങിയ പെട്രോള്‍ ബങ്ക് എന്നിവിടങ്ങളില്‍ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക.

വിവരശേഖരണത്തിന് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ എടിഎസ് പ്രതിനിധികള്‍ കോഴിക്കോട് തുടരുകയാണ്. സംഭവം നടന്ന എലത്തൂര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളതിനാല്‍ മറ്റ് അന്വേഷണം ഏജന്‍സികള്‍ക്ക് ഷാറൂഖിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.