മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത: ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പ്; തൗനോജം സ്‌ട്രേസ ലുവാംഗ് സെക്കന്റ് റണ്ണറപ്പ്

മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത: ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പ്; തൗനോജം സ്‌ട്രേസ ലുവാംഗ് സെക്കന്റ് റണ്ണറപ്പ്

ജയ്പ്പൂർ: മിസ് ഇന്ത്യ 2023 കിരീടം സ്വന്തമാക്കി രാജസ്ഥാനിൽ നിന്നുള്ള പത്തൊമ്പതുകാരി നന്ദിനി ഗുപ്ത. രാജസ്ഥാനിലെ കോട്ട സ്വദേശിനിയും ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദധാരിയുമാണ് നന്ദിനി. ഡൽഹിയിൽ നിന്നുള്ള ശ്രേയ പൂഞ്ച ആണ് ഫസ്റ്റ് റണ്ണറപ്പ്. മണിപ്പൂരിൽ നിന്നുള്ള തൗനോജം സ്‌ട്രേസ ലുവാംഗ് സെക്കന്റ് റണ്ണറപ്പ് സ്ഥാനം നേടി.

രാജസ്ഥാനിലെ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിനി ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയത് ലാലാ ലജ്‌പത് റായ് കോളജിൽ നിന്നാണ്. 

ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളാണ് ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതെന്ന് നന്ദിനി പറയുന്നു. മുന്നോട്ടുള്ള ജീവിതത്തിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളേയും നിരാശകളേയും അവഗണനകളേയും തരണം ചെയ്യാൻ താൻ പ്രാപ്തയാണെന്ന് നന്ദിനി മിസ് ഇന്ത്യ വേദിയിൽ പറഞ്ഞു.

മണിപ്പൂർ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇൻഡോർ സ്‌റ്റേഡിയത്തിലാണ് 59 മത് മിസ് ഇന്ത്യ മത്സരം നടന്നത്. ഡൽഹി ഉൾപ്പടെയുള്ള 29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് 30 മത്സരാർത്ഥികൾ പങ്കെടുത്തു. കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുള്ളതാണ് ഒരു പ്രതിനിധി.

2002 ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ നേഹ ധൂപിയ, ഇന്ത്യൻ ബോക്‌സിങ് താരം ലൈഷ്‌റാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ്, ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ ഹർഷവർദ്ധൻ കുൽക്കർണി, എയ്‌സ് ഡിസൈനർമാരായ റോക്കി സ്റ്റാർ, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് ജേതാക്കളെ വിലയിരുത്തിയത്.

മുൻ ജേതാക്കളായ സിനി ഷെട്ടി, റൂബൽ ഷെഖാവത്, ഷിനതാ ചൗഹാൻ, മാനസ വാരണാസി, മണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമൻ റാവു, ശിവാനി ജാദവ് എന്നിവരുടെ പ്രകടനങ്ങളും വേദിയെ ആവേശത്തിലാഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.