കോരന്റെ കുമ്പിളിൽ മണ്ണു വാരിയിടരുത്. ആന കൊടുത്താലും ആശ കൊടുക്കരുത്. ഇന്ത്യയിലെ സാധാരണ കർഷകർക്കു കേന്ദ്രസർക്കാരിനോടു പറയാനുള്ളതാണു പഴമക്കാർ പറഞ്ഞുവച്ചത്. പോത്തുകൾ വെട്ടാൻ പാഞ്ഞടുക്കുന്നേരം ഓത്തുകേൾപ്പിച്ചാൽ ഒഴിഞ്ഞുമാറീടുമോ എന്നു കുഞ്ചൻ നമ്പ്യാരുടെ പരിഹാസം ആണ് ഓർമ വരിക. വെട്ടാൻ വരുന്ന പോത്തിനോടു വേദമോതിയിട്ടെന്തു കാര്യം എന്ന സാധാരണക്കാരുടെ ചോദ്യം തന്നെ.
ഇന്ത്യയിലെ മരണസംഖ്യ 93,000 കടന്നു ലക്ഷത്തിലേക്ക് അടുക്കുമ്പോഴും കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും സാമ്പത്തിക തകർച്ചയുടെയും തീരാദുരിതങ്ങളുടെയും മേൽ ആർക്കും നിയന്ത്രണമില്ലാത്ത നിലയാണ്. രാജ്യം ഇന്നേവരെ നേരിട്ട എല്ലാ യുദ്ധങ്ങളിലും ഇന്ത്യ- പാക്കിസ്ഥാൻ വിഭജനത്തിലും കലാപങ്ങളിലും നഷ്ടമായതിനേക്കാൾ മനുഷ്യജീവനുകൾ കൊറോണ വൈറസിനു മുന്നിൽ പൊലിഞ്ഞുവീണിട്ടും സർക്കാർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.
നോട്ട് അസാധുവാക്കലും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും ജീവിത, കാർഷിക ചെലവുകളുടെ വർധനയും മറ്റുമായി തുടരുന്ന കർഷകരുടെ വേദനകളുടെയും ആശങ്കകളുടെയും ആഴം കൂട്ടുന്നതാണു വിവാദ കർഷക ബില്ലുകൾ.
വിതച്ച വാക്കുകൾ വിസ്മരിക്കുന്നു
കർഷകന്റെ വരുമാനം അഞ്ചു വർഷത്തിനകം ഇരട്ടിയാക്കുമെന്നും കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. പ്രതിവർഷം രണ്ടു കോടി തൊഴിലും അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ്ഘടനയും ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയും വികസിത രാജ്യവും മുതൽ കള്ളപ്പണം വീണ്ടെടുക്കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും തുടങ്ങി നടപ്പാകാതെ പോയ വാഗ്ദാനങ്ങൾക്കു കണക്കില്ല.
ഇരട്ടി വരുമാനം കർഷകനു കിട്ടിയില്ലെന്നതു പോട്ടെ ഉള്ളതു കൂടി ഇല്ലാതായി. കഷ്ടിച്ചു കഴിഞ്ഞുകൂടാൻ പോലും നിവൃത്തിയില്ലാത്ത നിലയിലാണു കോടിക്കണക്കിനു ചെറുകിട, ഇടത്തരം കർഷകർ. രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റുന്ന, സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷകർക്കായി ലോകത്തിലെ മിക്ക രാജ്യങ്ങളും സാമ്പത്തിക സഹായവും സാങ്കേതിക വിദ്യകളും അടക്കം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ, ചോര നീരാക്കി മണ്ണിനോടു മല്ലടിക്കുന്ന ഇന്ത്യയിലെ സാധാരണ കർഷകർ ഇപ്പോഴും തീ തിന്നുകയാണ്.
കർഷക ആത്മഹത്യകളുടെ പരമ്പരകൾ തുടർച്ചയായിട്ടും കർഷക പ്രക്ഷോഭങ്ങൾ നിരവധി കണ്ടിട്ടും സർക്കാർ കള്ളക്കളി തുടരുകയാണ്. ബന്ദ് ആഹ്വാനങ്ങളോടു പ്രതികരിക്കാത്ത ഉത്തരേന്ത്യയിലെ ഗ്രാമീണ ജനത അടക്കം ഇന്നലെ നടന്ന കർഷക ബന്ദിൽ സജീവമായതും കാർഷിക മേഖലയാകെ ആശങ്കയിലായതും മോദി സർക്കാരിനുള്ള മുന്നറിയിപ്പാണ്. ഇന്ത്യയുടെ ധാന്യപിഞ്ഞാണം ആയി അറിയപ്പെടുന്ന പഞ്ചാബിലും ഹരിയാനയിലും അടക്കം രാജ്യത്താകെ റോഡ്, റെയിൽ ഗതാഗതം പാടെ സ്തംഭിപ്പിച്ചാണു ആയിരക്കണക്കിനു കർഷകർ ഇന്നലെ തെരുവിലിറങ്ങിയത്.
കുത്തകകളുടെ കൈ പിടിച്ച്
എൻഡിഎ സർക്കാർ ഭരണത്തിലേറി ആറാം വർഷത്തിലെത്തിയപ്പോഴും പുതിയ കാർഷിക പരിഷ്കാരങ്ങളെന്നു പറഞ്ഞു കർഷകരെ കബളിപ്പിക്കാനാണു നോക്കുന്നത്. വരുമാനം ഇരട്ടിയാക്കുമെന്നും കാർഷിക മേഖലയിൽ വൻകുതിപ്പും പുതിയ തൊഴിലും ജീവനോപാധികളും ഉറപ്പാക്കുമെന്നും പറഞ്ഞതു മോദിയെങ്കിലും മറക്കരുത്. ഓരോ തവണയും ഗോൾപോസ്റ്റ് മാറ്റിവച്ചും പുതിയ വാഗ്ദാനങ്ങൾ നൽകിയും സാധാരണക്കാരെയും പാവങ്ങളെയും കബളിപ്പിക്കാൻ എക്കാലവും കഴിയില്ല.
സംസ്ഥാനങ്ങളുടെ കൂടി അധികാരപരിധിയിലുള്ള കാര്യത്തിൽ സംസ്ഥാന സർക്കാരുകളോട് ആലോചിക്കാതെ, പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിടാതെ, വിശദമായ ചർച്ചയില്ലാതെ, പാർലമെന്ററി ചട്ടപ്രകാരമുള്ള വോട്ടെടുപ്പു പോലും നിഷേധിച്ച് ഏകപക്ഷീയമായി തിരക്കിട്ട് അവശ്യസാധാന ഭേദഗതി അടക്കം മൂന്നു വിവാദ ബില്ലുകളും പാസാക്കിയതിന്റെ അമിത താത്പര്യമെന്തെന്നു വിശദീകരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല.
കാർഷിക മേഖലയിലേക്കു കൂടി കടന്നുകയറി കൊള്ളലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന കോർപറേറ്റ് കമ്പനികൾ, വൻകിട റീട്ടെയിലുകാർ, മൊത്തക്കച്ചവടക്കാർ, വ്യവസായ-വാണിജ്യ വ്യാപാര കയറ്റുമതി ലോബികൾ തുടങ്ങിയവർക്കു വേണ്ടി പാവം കർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കുകയാണു ഫലത്തിൽ ഉണ്ടാവുക. കേന്ദ്രമന്ത്രിയുടെ രാജിയിലും എൻഡിഎയുടെ സഖ്യകക്ഷികളുടെ എതിർപ്പിലും രാജ്യവ്യാപക കർഷക പ്രക്ഷോഭത്തിനും അതിനാലാണു പുതിയ പരിഷ്കാരങ്ങൾ വഴിതെളിച്ചത്.
കർഷകനീതിയും എത്താക്കൊമ്പ്
കേന്ദ്രം പാസാക്കിയ മൂന്നു ബില്ലുകളിൽ അവശ്യസാധന ഭേദഗതി, കരാർ കൃഷി ബില്ലുകൾ ഫലത്തിൽ ജനവിരുദ്ധവും കർഷകവിരുദ്ധവും അപകടകരവുമാണ്. കാർഷികോത്പന്ന വ്യാപാര വാണിജ്യ ബിൽ- ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ബിൽ 2020 കേരളത്തിനു ഗുണകരമാക്കാവുന്നതാണ്.
ലോകവ്യാപാര സംഘടനയും മറ്റും നിർദേശിച്ച കാർഷിക മേഖലയുടെ സ്വകാര്യവത്കരണമാണു കരാർ കൃഷി നിയമത്തിലൂടെ സർക്കാരിന്റെ ലക്ഷ്യം. കുത്തകകളുടെ ദാക്ഷിണ്യത്തിനു കർഷകനെ വിട്ടുകൊടുക്കുന്നതാകും ഈ നിയമനിർമാണം. കർഷക (ശക്തീകരണ, സംരക്ഷണ) ബിൽ- ദി ഫാർമേഴ്സ് (എൻപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓണ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ബിൽ 2020, എന്ന മധുരം പുരട്ടിയ ഈ ബില്ലിൽ സാധാരണ കർഷകരെ വെട്ടിലാക്കുന്ന അപകടങ്ങൾ പലതും പതിയിരിപ്പുണ്ട്.
പരാതി പരിഹാരത്തിനായി വ്യവസ്ഥ ചെയ്ത ത്രിതല സംവിധാനം കർഷകന് അനുകൂലമാകില്ല. സ്വാധീനവും പണവും ഉള്ള കുത്തകകളുടെയും വൻകിടക്കാരുടെയും മുന്നിൽ കർഷകനു നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതു പോലും തെറ്റാകും. ലക്ഷങ്ങൾ ചെലവിട്ടു കോടതികളിൽ കേസു നടത്താൻ വൻകിടക്കാരനു പ്രയാസമില്ല.
കരിഞ്ചന്തക്കാർക്കും കൊള്ള ലാഭക്കാർക്കും സഹായകമാകുന്ന അവശ്യസാധന നിയമ ഭേദഗതി- ദി എസെൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ബിൽ 2020, രാജ്യത്താകെ വലിയ തോതിലുള്ള വിലക്കയറ്റത്തിനാകും വഴിതെളിക്കുക. ഭക്ഷ്യധാന്യങ്ങൾ, പയർ പരിപ്പു വർഗങ്ങൾ, സവോള, ഉരുളക്കിഴങ്ങ്, ഭക്ഷ്യയെണ്ണകൾ, എണ്ണക്കുരുക്കൾ തുടങ്ങി പതിവായി വില കൂടുന്നവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്നു നീക്കിയതു പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും കാരണമാകും. അനിയന്ത്രിതമായി ആർക്കും എന്തും സ്റ്റോക്കു ചെയ്യാമെന്നതു കൃത്രിമ ക്ഷാമത്തിനും വിലക്കയറ്റത്തിനും സർക്കാർ സഹായവും നിയമപരിരക്ഷയും നൽകുന്നതിനു തുല്യമാണ്.
കേരള സർക്കാരും കരുതണം
കേരളത്തിലെ കർഷകരെ ഫലവത്തായും പ്രായോഗികമായും സഹായിക്കാൻ കേരള സർക്കാരിനും വളരെയേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഭൂപരിഷ്കരണ നിയമത്തിൽ കാലാനുസൃത പരിഷ്കാരങ്ങളിലൂടെ ലാഭകരമായ ഇതര കൃഷികൾ ചെയ്യാനുള്ള സ്വാതന്ത്ര്യം കർഷകർക്കു നൽകി കടുത്ത പ്രതിസന്ധിയിലുള്ള ചെറുകിട, ഇടത്തരം തോട്ടം ഉടമകളെ സഹായിക്കാൻ കേരള സർക്കാരിനും കഴിയേണ്ടതുണ്ട്.
പതിനഞ്ചോ അതിൽ കൂടുതലോ ഏക്കറുണ്ടായിരുന്ന പഴയ തോട്ടമുടമകൾ മക്കളും മക്കളുടെ മക്കളുമായുള്ള വീതം വയ്പും ജീവിക്കാനായി നടത്തിയ ഭൂമി വിൽപ്പനകളും മൂലം വളരെ ചെറിയ വിസ്തൃതിയിലുള്ള പറമ്പുകൾ മാത്രമുള്ളവരായി ശേഷിച്ചപ്പോഴും രേഖകളിൽ തോട്ടങ്ങളായി നിലനിൽക്കുന്നതു തിരുത്തപ്പെടണം.
പൊതുഖജനാവിൽ നിന്നു കൃഷിക്കായി ചെലവഴിക്കുന്നഓരോ രൂപയുടെയും പത്തു പൈസ പോലും കർഷകന്റെ കൈകളിലെത്തുന്നില്ല. സർക്കാർ ചെലവഴിക്കുന്ന തുകയുടെ വലിയ ഭാഗം ഓഫീസ് സംവിധാനങ്ങൾക്കും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും യാത്രച്ചെലവുകൾ അടക്കമുള്ളവയ്ക്കുമാണു പോകുന്നത്. കാർഷിക മേഖലയ്ക്കായി ബജറ്റിൽ നീക്കിവയ്ക്കുന്ന വിഹിതത്തിൽ എത്ര രൂപയാണു കർഷകർക്കു കിട്ടുന്നതെന്നു വ്യക്തമാക്കുന്ന ധവളപത്രം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രസിദ്ധീകരിക്കണം.
അനിവാര്യം കർഷകാവകാശ നിയമം
കാർഷിക മേഖലയുടെ വൈവിധ്യവത്കരണം, ആധുനിക സാങ്കേതിക വിദ്യകൾ, ഉത്പാദനക്ഷമത കൂട്ടുന്ന ശാസ്ത്രീയ, ജൈവ കൃഷിരീതികൾ, നേരിട്ടുള്ള സാമ്പത്തിക സഹായം, മൂല്യവർധിത ഉത്പന്നങ്ങൾ, കയറ്റുമതി അടക്കമുള്ള വാണിജ്യ സാധ്യതകൾ തുടങ്ങിയവയ്ക്കു കർഷകരെ സഹായിക്കാൻ സർക്കാരുകൾക്കു കടമയുണ്ട്. കാർഷിക വിപണന, വാണിജ്യ, സംഭരണ, സംസ്കരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും കഴിയേണ്ടതുണ്ട്.
ഗ്രാമീണ ചന്തകൾ മുതൽ താലൂക്ക്, ജില്ലാതല വിപണന കേന്ദ്രം വരെയുള്ളവ സംസ്ഥാനത്താകെ ആരംഭിക്കാനും കർഷക കൂട്ടായ്മകൾ പ്രോൽസാഹിപ്പിക്കാനും രാഷ്ട്രീയ, ട്രേഡ് യൂണിയൻ, കുത്തക ചൂഷണങ്ങളിൽ നിന്നു വിമുക്തമാക്കാനും സർക്കാർ പദ്ധതികളും നടപടികളും സ്വീകരിക്കണം. വിപണന വാണിജ്യ സംവിധാനങ്ങൾ, സംസ്കരണ ഫാക്ടറികൾ, മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനും കയറ്റുമതിക്കുമുള്ള സംവിധാനങ്ങൾ, സാമ്പത്തിക സഹായം തുടങ്ങിവയ്ക്കായി സർക്കാർ കൃത്യവും വ്യക്തവുമായ പദ്ധതികൾ നടപ്പാക്കിയേ മതിയാകൂ.
ഓരോ കൃഷിയുടെയും ചെലവുകൾ കണക്കാക്കി കർഷകനു ജീവിക്കാനാവശ്യമായ ലാഭം ഉൾപ്പെടുത്തി നാണ്യവിളകൾ അടക്കം എല്ലാ കാർഷികോത്പന്നങ്ങൾക്കും താങ്ങുവില പ്രഖ്യാപിക്കണം. താങ്ങുവിലയിലും താഴ്ത്തി വാങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും വ്യവസ്ഥ ഉണ്ടാകണം. വിദ്യാഭ്യാസ, ഭക്ഷ്യ അവകാശങ്ങൾ പോലെ കർഷകന്റെ അവകാശങ്ങൾ നിയമപരമായി നിർവചിക്കാനും കർഷകരക്ഷ ഉറപ്പാക്കാനും ചൂഷണങ്ങളിൽ നിന്നു സംരക്ഷണം നൽകാനും കേന്ദ്രവും സംസ്ഥാനവും പുതിയ കർഷകാവകാശ നിയമം ഉടൻ കൊണ്ടുവരണം.
ജോർജ് കള്ളിവയലിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.