എറണാകുളം: പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ലോക മനുഷ്യാവകാശ ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ വെബിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ ഉത്തരവുകൾ സർക്കാരും ബന്ധപ്പെട്ട ഏജൻസികളും ഒരു വലിയ പരിധി വരെ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടപ്പിലാക്കാത്ത ഉത്തരവുകൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ കമ്മീഷൻ സ്വീകരിച്ച് വരുന്നുണ്ട്. രാജ്യത്ത് ഇന്നും സാധാരണക്കാരുടെ മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതായി നിരവധി പരാതികൾ ഉയരുന്നുണ്ട്. വ്യാജ ഏറ്റുമുട്ടൽ മരണങ്ങളെ കുറിച്ചും പരാതികൾ ഉയരുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുകയാണ് മനുഷ്യാവകാശ ലംഘനങ്ങൾ തടയാനുള്ള മാർഗ്ഗം. കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം നിർത്തിവയ്ക്കേണ്ടി വന്ന കമ്മീഷന്റെ ജില്ലാതല സിറ്റിംഗുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന നന്മക്കായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളെ മാത്രം നിലനിർത്തണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ആദിവാസി മേഖലയിൽ കമ്മീഷന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണകൂടങ്ങൾ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങൾക്ക് മേൽ കടന്നുകയറുമ്പോൾ അത് തടയുക എന്ന വെല്ലുവിളിയാണ് മനുഷ്യവകാശ കമ്മീഷൻ ഏറ്റെടുക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ് വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി പറഞ്ഞു. കോവിഡാനന്തര കാലഘട്ടത്തിൽ ആരോഗ്യ മേഖലയിൽ സാധാരണക്കാരന്റെ അവകാശങ്ങൾ ചൂഷണം ചെയ്യാനുള്ള സാധ്യത ഏറെയാണ്. മരുന്ന് കമ്പനികളും ആശുപത്രികളും നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കമ്മീഷൻ ജാഗരൂകരാവണം. സ്കൂൾ, കോളേജ് തലങ്ങളിൽ മനുഷ്യാവകാശ സംരക്ഷണ പഠനത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപെടുത്തണമെന്ന് ഡോ. സണ്ണി പറഞ്ഞു.
കമ്മീഷൻ നൽകുന്ന ഉത്തരവുകൾ ഉദ്യോഗസ്ഥർ നടപ്പാക്കണമെന്നത് നിയമപരമായ ബാധ്യതയാണെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് പറഞ്ഞു. അതിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് അംഗം വി കെ. ബീനാകുമാരി പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും പൊതുജനങ്ങളും വെബിനാറിൽ പങ്കെടുത്തു. കമ്മീഷൻ സെക്രട്ടറി റ്റി. വിജയകുമാർ നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.