വത്തിക്കാന്‍ സിറ്റി: പരാജയങ്ങളും അപൂര്‍ണതകളും ഉണ്ടെങ്കിലും നമ്മുടെ മാതൃസഭ ക്രിസ്തുവിന്റെ ശരീരമാണെന്നും സഭാ സമൂഹത്തിനുള്ളിലാണ് യേശുവിനെ കണ്ടെത്താന്‍ കഴിയുന്നതെന്നും ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച്ച ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് മാര്‍പ്പാപ്പയുടെ ഉദ്‌ബോധനം. ക്രിസ്തുവിന്റെ ശരീരമായ സഭയിലാണ് അവിടുത്തെ സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളങ്ങള്‍ ഇന്നും എന്നേക്കുമായി പതിഞ്ഞിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളെ ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായാണ് പരിശുദ്ധ പിതാവ് അഭിസംബോധന ചെയ്തത്.
ദിവ്യബലി മദ്ധ്യേ വായിച്ച യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായം 19 മുതല്‍ 31 വരെയുള്ള വാക്യങ്ങളാണ് പാപ്പയുടെ സന്ദേശത്തിന് ആധാരം. ഭയന്ന് കതകടച്ചിരിക്കുകയായിരുന്ന ശിഷ്യന്മാര്‍ക്കും പ്രത്യേകിച്ച് അവിശ്വാസം പ്രകടിപ്പിച്ച അപ്പോസ്തലനായ തോമസിനും ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെടുന്നതും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് പാപ്പ വിശദീകരിച്ചത്. തദ്ദവസരത്തില്‍ അവിടെ ഇല്ലാതിരുന്ന തോമസിന്റെ മുന്നില്‍ എട്ടു ദിവസത്തിനു ശേഷമാണ് യേശു പ്രത്യക്ഷനാകുന്നത്.
'വിശ്വസിക്കാന്‍ പാടുപെട്ടത് തോമസ് മാത്രമല്ല' എന്ന് പറഞ്ഞാണ് മാര്‍പ്പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. അതേസമയം, മുറിക്കുള്ളില്‍ ഭയന്ന് അടച്ചുപൂട്ടിയിരുന്ന തന്റെ സഹ അപ്പോസ്തലന്മാരില്‍ നിന്ന് വ്യത്യസ്തമായി തോമസ് താന്‍ ധൈര്യശാലിയാണെന്ന് തെളിയിച്ചു. ആരെങ്കിലും തന്നെ തിരിച്ചറിയാനോ പിടികൂടാനോ സാധ്യതയുണ്ടെന്ന അപകടമുണ്ടായിരുന്നിട്ടും അദ്ദേഹം പുറത്തിറങ്ങിയതായി മാര്‍പ്പാപ്പ പറഞ്ഞു.
'ഉയിര്‍പ്പുദിനത്തില്‍ യേശു ആദ്യമായി ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ് അവരോടു കൂടെ ഉണ്ടായിരുന്നില്ല. യേശു തങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടുവെന്ന് മറ്റ് അപ്പോസ്തലന്മാര്‍ തോമസിനോട് പറഞ്ഞപ്പോള്‍ അവന്‍ വിശ്വസിക്കാന്‍ തയാറാകുന്നില്ല. യേശുവിന്റെ മുറിവുകള്‍ കാണാനും തൊടാനും കഴിയുമ്പോള്‍ മാത്രമേ താന്‍ വിശ്വസിക്കൂ എന്ന് പറയുന്നു'.
യേശു തോമസിന്റെ ആഗ്രഹം സഫലീകരിക്കുന്നു. എട്ട് ദിവസത്തിന് ശേഷം, അവിടുന്ന് ശിഷ്യന്മാരുടെ മദ്ധ്യേ വീണ്ടും പ്രത്യക്ഷപ്പെടുന്നു. തന്റെ മുറിവുകള്‍, കൈകള്‍, കാലുകള്‍, തന്റെ സ്‌നേഹത്തിന്റെ തെളിവ്, കരുണ സദാ ഒഴുകുന്ന ചാലുകളായ മുറിവുകള്‍ എന്നിവ കാണിക്കുന്നു.
വിശ്വസിക്കുന്നതിന് തോമസ് അസാധാരണമായ ഒരു അടയാളം ആഗ്രഹിക്കുന്നു. മുറിവുകളില്‍ സ്പര്‍ശിക്കാനായി യേശു അവനു കാണിച്ചുകൊടുക്കുന്നു. എന്നാല്‍ സമൂഹത്തിനു പുറത്തു വച്ചല്ല എല്ലാവരുടെയും മുന്നില്‍ വച്ചാണ് യേശു സ്വയം വെളിപ്പെടുത്തുന്നത്. സമൂഹത്തിന്റെ സാന്നിധ്യത്തിലാണ് അവിടുന്ന് അപ്പോസ്തലന്മാര്‍ക്ക് തന്റെ മുറിവുകള്‍ കാണിക്കുന്നത്.
'തോമസിനെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റവനെ നാം എവിടെയാണ് അന്വേഷിക്കുന്നത്? കണ്ണഞ്ചിപ്പിക്കുന്നതോ അതിശയിപ്പിക്കുന്നതോ ആയ മതപരമായ ആഘോഷങ്ങളിലോ വൈകാരികമോ ഇന്ദ്രിയപരമോ ആയ തലത്തില്‍ മാത്രമാണോ ഈ അന്വേഷണം? അല്ല. ഒരു സമൂഹത്തിലല്ലാതെ യേശുവിനെ കണ്ടെത്തുക പ്രയാസമാണ്. അതായത്, വിശ്വാസികളുടെ സമൂഹമായ സഭയ്ക്കുള്ളിലാണ് യേശുവിനെ കണ്ടെത്താനാകുകയെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു.
നമ്മുടെ പരിമിതികളും പതനങ്ങളുമാണ് സഭയുടെ പരിമിതികളും വീഴ്ചകളും. ഈ കുറവുകളും വീഴ്ചകളും ഉണ്ടെങ്കില്‍ത്തന്നെയും നമ്മുടെ മാതൃസഭ ക്രിസ്തുവിന്റെ ശരീരമാണ്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലാണ് ഇന്നും എന്നേക്കും അവിടുത്തെ സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
തന്റെ മുറിവുകളില്‍ തൊടാനുള്ള യേശുവിന്റെ ക്ഷണം 'സംശയിക്കുന്ന അപ്പസ്തോലനു' മാത്രമല്ല നമുക്കുമുള്ളതാണെന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു. വാസ്തവത്തില്‍, വിശ്വസിക്കാന്‍ പാടുപെട്ടത് തോമസ് മാത്രമല്ല. അവന്‍ നമ്മെ എല്ലാവരെയും പ്രതിനിധീകരിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ഒരു സമൂഹമെന്ന നിലയില്‍ ശിഷ്യന്മാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത് പ്രസക്തമായ സന്ദേശമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
യേശുവിന്റെ ഈ സ്‌നേഹത്തെ പ്രതി, ദൈവ കാരുണ്യത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടാതെ, ജീവിതത്തില്‍ മുറിവേറ്റ എല്ലാവര്‍ക്കുമായി നമ്മുടെ കൈകള്‍ തുറക്കാന്‍ നാം തയ്യാറാണോ എന്ന് സ്വയം ചോദിക്കാന്‍ മാര്‍പ്പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മറിയമേ, കരുണയുടെ മാതാവേ സഭയെ സ്‌നേഹിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഭവനമാക്കാനും ഞങ്ങളെ സഹായിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.