വെളുത്ത ഭൂഖണ്ഡത്തിലും ആധിപത്യം ഉറപ്പിക്കാന്‍ ചൈന; അഞ്ചാമത്തെ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വെളുത്ത ഭൂഖണ്ഡത്തിലും ആധിപത്യം ഉറപ്പിക്കാന്‍ ചൈന; അഞ്ചാമത്തെ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

സിഡ്‌നി: ഭൂമിയില്‍ സ്ഥിരമായി മനുഷ്യവാസമില്ലാത്ത, വെളുത്ത വന്‍കരയായ അന്റാര്‍ട്ടിക്കയിലും ആധിപത്യം നേടാനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടി ചൈന. അന്റാര്‍ട്ടിക്കയിലെ ഒരു ദ്വീപില്‍ ചൈനയുടെ അഞ്ചാമത്തെ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള തിങ്ക്ടാങ്ക് ശേഖരിച്ച പുതിയ സാറ്റലൈറ്റ് ഇമേജുകളില്‍നിന്നാണ് ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. 2024 ആകുമ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് അനുമാനം.

1980കളുടെ തുടക്കത്തില്‍ വന്‍മതില്‍ എന്നര്‍ത്ഥം വരുന്ന ചാങ്ചെങ് എന്ന ആദ്യത്തെ ഗവേഷണ കേന്ദ്രം സ്ഥാപിച്ചതോടെയാണ് ചൈന അന്റാര്‍ട്ടിക്കയില്‍ കാലുറപ്പിച്ചത്. ഇന്ത്യയുടെ അന്റാര്‍ട്ടിക്ക് ഗവേഷണ കേന്ദ്രം ആരംഭിച്ചതും ഏകദേശം ഇതേ കാലയളവിലാണ്.

പര്യവേക്ഷണങ്ങളുടെയും ശാസ്ത്രീയ ഗവേഷണങ്ങളുടെയും മറവില്‍ ചൈന അന്റാര്‍ട്ടിക്കയില്‍ രഹസ്യമായി തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണെന്ന ഭീതിയിലാണ് പാശ്ചാത്യ രാജ്യങ്ങള്‍.

അന്റാര്‍ട്ടിക്കയെ മുഴുവന്‍ മനുഷ്യരാശിയുടെയും സമാധാനപരമായ ആവശ്യങ്ങള്‍ക്കും ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും മാത്രം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള ഉടമ്പടിയാണ് അന്റാര്‍ട്ടിക് ട്രീറ്റി. 1959 ഡിസംബറില്‍ 12 രാജ്യങ്ങള്‍ ചേര്‍ന്നാണ് അന്റാര്‍ട്ടിക്ക ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഭൂഖണ്ഡത്തെ ഒരുമിച്ച് ഭരിക്കാനുള്ള ഈ രാജ്യാന്തര ഉടമ്പടിയില്‍ പിന്നീട് 41 രാജ്യങ്ങള്‍ കൂടി ചേര്‍ന്നു. അന്റാര്‍ട്ടിക് ട്രീറ്റി സിസ്റ്റമാണ് ഈ പ്രദേശത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

ഈ കരാര്‍ പ്രകാരം വിനോദ സഞ്ചാരത്തെ അനുവദിക്കുന്നുണ്ടെങ്കിലും വാണിജ്യ മത്സ്യബന്ധനം, ഖനനം, ധാതു പര്യവേക്ഷണം, സൈനികമായ കടന്നുകയറ്റങ്ങള്‍ എന്നിവയ്ക്കു പൂര്‍ണമായ നിരോധനം തുടങ്ങിയവ അടക്കം കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ധ്രുവപ്രദേശങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ചൈനീസ് സര്‍ക്കാര്‍ നിരീക്ഷണവും ശക്തമാക്കുമെന്ന് പാശ്ചാത്യ സര്‍ക്കാരുകള്‍ ആശങ്കപ്പെടുന്നു.

5,000 ചതുരശ്ര മീറ്റര്‍ (53,820 ചതുരശ്ര അടി) വിസ്തൃതിയുള്ള സ്റ്റേഷനില്‍ അത്യാധിക സൗകര്യങ്ങള്‍, താല്‍ക്കാലിക കെട്ടിടങ്ങള്‍, ഒരു ഹെലികോപ്റ്റര്‍ പാഡ് എന്നിവ സാറ്റലൈറ്റ് ഇമേജുകളില്‍ വ്യക്തമായിട്ടുണ്ട്.


അന്റാര്‍ട്ടിക്കയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ ചൈനീസ് സ്റ്റേഷന്റെ ഉപഗ്രഹ ദൃശ്യം

ദക്ഷിണ ധ്രുവത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ലോകമെമ്പാടും ആശങ്കയോടെയാണ് കാണുന്നത്. ഭൂഖണ്ഡത്തിലെ വിശാലമായ പ്രകൃതിവിഭവങ്ങളുടെ ചൂഷണം മാത്രമല്ല തന്ത്രപ്രധാനമായ സ്ഥാനം കൂടി കണക്കിലെടുക്കുമ്പോഴാണ് ആശങ്ക വര്‍ധിക്കുന്നത്.

നിലവില്‍ ചൈനയ്ക്ക് അന്റാര്‍ട്ടിക്കയില്‍ നാല് സ്ഥിരം സ്റ്റേഷനുകളുണ്ട്. ചാങ്ചെങ്, സോങ്ഷാന്‍, തായ്ഷാന്‍, കുന്‍ലുന്‍ എന്നിവയാണത്. യു.എസിന് അന്റാര്‍ട്ടിക്കയില്‍ അഞ്ച് ഗവേഷണ കേന്ദ്രങ്ങളാണുള്ളത്. റഷ്യയ്ക്ക് എട്ട് ഗവേഷണ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയ്ക്ക് രണ്ട് ഗവേഷണ കേന്ദ്രങ്ങളും.

പുതിയ ചൈനീസ് സ്റ്റേഷന്‍ അന്റാര്‍ട്ടിക്കിന്റെ ചരിത്രം പഠിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ദക്ഷിണ കൊറിയന്‍ സ്റ്റേഷന്റെ അടുത്താണ് ഈ സ്‌റ്റേഷന്‍ എന്നതിനാല്‍ ചൈനയുടെ ഉദ്ദേശ്യം തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കാമെന്ന് വിലയിരുത്തല്‍.

മറ്റ് രാജ്യങ്ങളുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുകള്‍ തടസപ്പെടുത്താന്‍ പുതിയ സ്‌റ്റേഷനിലെ ഉപകരണങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്ട്രേലിയയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമുള്ള സിഗ്നലുകള്‍ ശേഖരിക്കാനും ഓസ്ട്രേലിയയിലെ ആര്‍നെം സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാനും ഈ സ്റ്റേഷന്‍ അനുകൂലമായ സ്ഥലത്താണ്.

അന്റാര്‍ട്ടിക്കയില്‍ ചൈനീസ് സാന്നിധ്യം അമേരിക്കയെ മറികടക്കുന്ന വിധം അതിവേഗം വളരുകയാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഭാവിയില്‍ പ്രകൃതിവിഭവങ്ങള്‍ക്കും സമുദ്ര പ്രവേശനത്തിനും വേണ്ടിയുള്ള അവകാശവാദങ്ങള്‍ ശക്തിപ്പെടുത്താന്‍ ഈ സാന്നിധ്യം ചൈനയെ സഹായിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.