ക്യാമറകൾ മിഴി തുറന്നു; നമുക്കും മിഴി തുറക്കാം സുരക്ഷിത കേരളത്തിനായ്; അപകടരഹിത നാടിനായ്

ക്യാമറകൾ മിഴി തുറന്നു; നമുക്കും മിഴി തുറക്കാം സുരക്ഷിത കേരളത്തിനായ്; അപകടരഹിത നാടിനായ്

അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരും മോട്ടോർ വകുപ്പും സംയുക്തമായി "സേഫ് കേരളാ" പദ്ധതിയുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കുകയുണ്ടായി. ഇവ ഏപ്രിൽ 20 മുതൽ മിഴി തുറന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ 726 നിർമ്മിത ബുദ്ധി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡുകളിലെ അപകടം കുറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന ഈ പുതിയ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും നാം കണ്ടു. എന്തായിരുന്നാലും ഒരു കാര്യം സത്യമാണ്. ഏതാനും വർഷങ്ങളായി കേരളത്തിൽ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും അടിക്കടി വർദ്ധിച്ചുവരികയാണെന്നത്.

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ പൊലിഞ്ഞതു 4111 വിലപ്പെട്ട ജീവനുകളാണ്. ഇതിന്റെ ഏകദേശം അഞ്ചിരട്ടിയോളം ആൾക്കാർ അംഗഭംഗം സംഭവിച്ചവരോ വീടുകളിൽ അനങ്ങാനാവാതെ കിടക്കയിൽ കഴിയുന്നവരോ ആണ്. സർക്കാരിനു വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗമാണിതെന്നു വിമർശിക്കുന്നവരുണ്ട്. സാധാരണക്കാരനിതു ഇരിട്ടടിയാകുമെന്നു മറ്റൊരഭിപ്രായം. ഒരു കാര്യം സൂചിപ്പിക്കട്ടെ, ഇനി മുതൽ നാം അൽപ്പം പേടിയോടെ നിരത്തുകളിൽ ഇറങ്ങും. കുറെയേറെ കരുതലോടെ വാഹനങ്ങൾ ഓടിക്കും. കാരണം ഒരാൾ മുകളിലിരിന്നെല്ലാം നിരീക്ഷിക്കുന്നുണ്ടല്ലോ. തുറന്നു പറയട്ടെ, ഇങ്ങനെയുള്ള കർശന നടപടികളിലൂടെ മാത്രമേ അനിയന്ത്രിതമായി പെരുകിവരുന്ന ഗതാഗത നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും കടിഞ്ഞാൺ ഇടാൻ സാധിക്കൂ എന്നതു നിസ്തർക്കമായ വസ്തുതയാണ്. ജീവനേക്കാൾ വലുതായിട്ടൊന്നുമില്ലല്ലോ. ഓരോ ദിവസവും നിരത്തുകളിൽ വാഹനങ്ങൾ പെരുകുകയാണ്. ഒപ്പംതന്നെ സൂചിപ്പിക്കട്ടെ, റോഡിലിറങ്ങിയാൽ എല്ലാവർക്കും വല്ലാത്ത ധൃതിയും പരക്കംപാച്ചിലുമാണ്. കഴിഞ്ഞ വർഷങ്ങളിലെ അപകടക്കണക്കുകൾ പരിശോധിച്ചാൽ നമുക്കു മനസ്സിലാകും അപകടങ്ങളിൽ മരിച്ചവരിലും ഗുരുതര പരിക്കുകൾ പറ്റി ആശുപത്രികളിൽ കഴിയുന്നവരിലും സാധാരണ നിലയിൽ ജീവിതം നയിക്കുവാൻ കഴിയാതെ വീടുകളിൽ കഴിയുന്നവരിലും ഭൂരിഭാഗവും താങ്കളുടെ തെറ്റുകൾ മൂലമല്ല നരകയാതന അനുഭവിച്ചത് എന്ന സത്യം. മറ്റാരോ ചെയ്ത തെറ്റുകളും പിഴവുകളും പൊലിച്ചു കളഞ്ഞത് സ്വപ്നച്ചിറകുകൾ തുന്നിയ അനേകായിരം സാധാരണ ജീവിതങ്ങളാണ്. ഇരുളുമൂടിയ വീഥിയിൽ ഇപ്പോഴും തനിച്ചു നടക്കേണ്ടി വരുന്നതു അവരുടെ കുടുംബാംഗങ്ങൾക്കാണ്.

ശക്തമായ ഇടപെടലുകൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ഉണ്ടായാൽ മാത്രമേ ഇനിയെങ്കിലും അപകടങ്ങൾ കുറക്കുവാനും നിനക്കാതെ പൊഴിഞ്ഞു പോവുന്ന ജീവനുകളെ രക്ഷിക്കുവാനും സാധിക്കു എന്നതു നിസ്തർക്കമായ വസ്തുതയാണ്. സമൂഹത്തിന്റെ പൊതു നന്മക്കുതകുന്ന നിർദ്ദേശങ്ങളും നിയമങ്ങളും വേണ്ടപ്പെട്ടവർ നടപ്പാക്കുമ്പോൾ അതിനെ രാഷ്ട്രീയത്തിനധീതമായി നോക്കികാണുവാനും പാലിക്കുവാനും നാം തയ്യാറാവണം. കടക്കെണിയിലായിരിക്കുന്ന സർക്കാരിനു പിടിച്ചു നിൽക്കാനുള്ള പിടിവള്ളിയാണിതെന്നു വിമർശിക്കുന്നവരുമുണ്ട്. സർക്കാർ തീർത്താൽ തീരാത്ത കടക്കെണിയിലാണെന്നതു നഗ്നസത്യമാണ്. പക്ഷേ ഇവിടെ നാം ഓർക്കേണ്ട വസ്തുത, ആരുടേയും കൈയ്യിൽ നിന്നും ഒരു പിഴയും നിർബന്ധപൂർവ്വം പിടിച്ചു വാങ്ങുന്നില്ല എന്ന കാര്യമാണ്. തെറ്റു ചെയ്തവർക്കു മാത്രം അഥവാ നിയമങ്ങൾ കാറ്റിൽ പറത്തുന്നവർക്കു മാത്രമാണു പിഴ ഒടുക്കേണ്ടിവരുന്നത്. അതുവഴി സർക്കാരിനു വരുമാനമുണ്ടാകട്ടെ, അതു നല്ല കാര്യമായി എനിക്കു തോന്നുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിച്ചു ഗതാഗതസൗകര്യങ്ങൾ വിനിയോഗിക്കുന്നവർക്കു ഒരു രൂപാ പോലും പിഴയടക്കേണ്ടി വരില്ല. എനിക്കു സൂചിപ്പിക്കാനുള്ളതു ഇതൊരു വാശിയായി നാം കണ്ടു ആർക്കും ഒരു പൈസാ പോലും പിഴ അടയ്ക്കാൻ ഇടയാവാത്ത രീതിയിൽ ജാഗ്രതയോടെ, ശ്രദ്ധയോടെ നിരത്തുകളും റോഡുകളും ഉപയോഗിക്കണം എന്നതുതന്നെയാണ്. പല രാഷ്ട്രീയകക്ഷികളും പല അഭിപ്രായങ്ങളുമായി മുന്നോട്ടു വരുന്നതു ഈ ദിവസങ്ങളിൽ ചാനലുകളിൽ കാണുകയുണ്ടായി. സാധാരണക്കാരന്റെ നടുവൊടിക്കും, മുൻകരുതലില്ലാതെ എടുത്ത തീരുമാനം എന്നൊക്കെ ചാനൽ ചർച്ചയിൽ കാണുകയുണ്ടായി. ഇരുചക്രവാഹനങ്ങളിൽ ഒരു സാധാരണ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നതു ചൂണ്ടിക്കാട്ടി, അവർക്കൊക്കെ എങ്ങനെ ഇതു താങ്ങാനാവും എന്നരീതിയിൽ വിമർശനം ഉന്നയിക്കുന്നതും കണ്ടു.

ഒരു കാര്യം നാം വ്യക്തമായി മനസ്സിലാക്കണം, നിയമം നടപ്പാക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കാൾ എത്രയോ ഭീകരമായിരിക്കും അപകടം നടന്നാലുണ്ടാവുന്നത് എന്ന യാഥാർത്ഥ്യം. കൂട്ടിച്ചേർത്തു പറയട്ടെ ജനങ്ങൾക്കു ഗതാഗത നിയമങ്ങളേക്കുറിച്ചും റോഡുകളിലെ അടയാളങ്ങളേക്കുറിച്ചും റോഡു മാർക്കിങ്ങിനേക്കുറിച്ചുമുള്ള വ്യക്തമായ ബോധവത്കരണം അടിയന്തിരമായി നൽകുവാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഒപ്പംതന്നെ എത്രയും വേഗം എല്ലാ മേഖലകളിലും കൃത്യമായ ഇടവേളകളിൽ വേഗപരിധി ബോഡുകൾ സ്ഥാപിക്കാനുള്ള സത്വര നടപടികൾ ഉത്തരവാദിത്തപ്പെട്ടവർ ചെയ്യണം. കൂട്ടത്തിൽ റോഡുകളുടെ ഗുണനിലവാരം ഉയർത്താനുള്ള ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇതുമൂലമുള്ള അശ്രദ്ധകളും പിടിപ്പുകേടുകളും അപകടങ്ങളിലേക്കും ജീവൻ നഷ്ടപ്പെടുന്നതിലേക്കും വഴിവയ്ക്കുമെന്നതും മറ്റൊരു യാഥാർത്ഥ്യമാണ്. ഒരു ദുരന്തം സംഭവിച്ചു കഴിയുമ്പോൾ നാമെല്ലാവരും ഉദ്യോഗസ്ഥരേയും സർക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്നതു പലയാവർത്തി കണ്ടിട്ടുള്ളതാണ്. ചാലുകളിൽ തന്നെ പല ചർച്ചകളും നടന്നിട്ടുമുണ്ട്. എന്തുകൊണ്ടതു ചെയ്തില്ല? എന്തുകൊണ്ടിതു ചെയ്തില്ല? എന്നു നൂറുനൂറു ചോദ്യശരങ്ങൾ നാം ഉന്നയിച്ചിട്ടുമുണ്ട്. കൂട്ടത്തിൽ ചേർത്തു പറയട്ടേ, വികസിത വികസ്വര രാജ്യങ്ങളിലെല്ലാം നൂതനസംവിധാനങ്ങളുപയോഗിച്ചു തന്നെയാണു ഗതാഗതനിയമലംഘനങ്ങളും അപകടങ്ങളും നിയന്ത്രിക്കുന്നതും ലഘൂകരിക്കുന്നതും. അവിടെയൊക്കെ ജോലി ചെയ്യുന്ന മലയാളികൾ കമാ എന്നൊരക്ഷരം മിണ്ടാതെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നു. അല്ലാത്തപക്ഷം പിഴ നൽകേണ്ടി വരുന്നു. യാതൊരു ബുദ്ധിമുട്ടും ആർക്കും ഇല്ല.

കഴിഞ്ഞ കാലങ്ങളിൽ പൊഴിഞ്ഞു വീണതു എത്രയോ ജീവിതങ്ങളാണ്. ഇതിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്ക്കരും. ഇന്നു നാടിന്റെ വളർച്ചയിൽ പങ്കുചേരേണ്ട പലരും അറിയാതെ മൺമറഞ്ഞു. അവർ മഞ്ഞുപോയപ്പോൾ മറഞ്ഞതു അവരുടെ മാത്രം സ്വപ്നങ്ങളായിരുന്നില്ല, മറിച്ചു അവരോടൊപ്പം കനവുകണ്ട പലരുടേയും ജീവിതങ്ങളായിരുന്നു. ഇതിനു അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സീറോ ആക്സിഡന്റ് എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പായിതു മാറട്ടെ. പൊതുനന്മക്കായി നമുക്കു നിയമങ്ങൾ പാലിക്കാം. അപകടങ്ങൾ വ്യക്തികളെ നശിപ്പിക്കുന്നു. ഒപ്പം കുടുംബങ്ങളേയും സമൂഹത്തേയും. ഓർക്കുക, എന്റെ ഒരു നിമിഷത്തെ അശ്രദ്ധയും അറിവുണ്ടായിട്ടും ചെയ്യുന്ന നിയമലംഘനങ്ങളും ഒരിക്കലും നികത്താൻ പറ്റാത്ത പിഴവുകളിക്കു വഴിവയ്ക്കാം. ഒരുപക്ഷേ അതുമൂലം ജീവിതം നഷ്ടമാകുന്നതു എന്റെ സഹോദരനാണ്, അതുവഴി കണ്ണീരണിയുന്നതു അവന്റെ കുടുംബമാണ് എന്ന തിരിച്ചറിവു നമുക്കുണ്ടാകണം.

ഒരു പിഴവുപോലും വരുത്താതെ, ഒരു പിഴപോലും അടയ്ക്കാതെ നമുക്കു നിരത്തിലിറങ്ങാം, റോഡുകൾ ഉപയോഗിക്കാം. ഞാൻ കാരണം ഒരു ജീവൻപോലും പൊലിയാൻ അനുവദിക്കില്ല എന്ന പ്രതിജ്ഞയോടെ നമുക്കു നീങ്ങാം. നമ്മുടേയും മറ്റുള്ളവരുടേയും ജീവിതസുരക്ഷയ്ക്കു നമുക്കെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്. നമ്മുടെ ശീലങ്ങൾ നമുക്കു മാറ്റാം. അപകടരഹിത കേരളത്തിനായി, സുരക്ഷിത നഗരത്തിനായി, മനോഗരമായൊരു ഗതാഗത സംസ്ക്കാരത്തിനായി നമുക്കൊരുമിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.