ഒടുവില്‍ കീഴടങ്ങി അമൃത്പാല്‍ സിങ്: മോഗ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി; ആസാമിലെ ദിബ്രുഗഡിലേക്ക് മാറ്റും

ഒടുവില്‍ കീഴടങ്ങി അമൃത്പാല്‍ സിങ്: മോഗ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി; ആസാമിലെ ദിബ്രുഗഡിലേക്ക് മാറ്റും

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെ പഞ്ചാബിലെ മോഗ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമൃത്പാല്‍ സിങ്ങിനെ ആസാമിലെ ദിബ്രുഗഡിലേക്ക് മാറ്റിയേക്കും.

മാര്‍ച്ച് 18 മുതല്‍ അമൃത്പാല്‍ സിങ്ങും വാരിസ് പഞ്ചാബ് ദേയുടെ അംഗങ്ങളും ഒളിവിലായിരുന്നു. പൊലീസ് വ്യപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമൃത്പാല്‍ വിദേശത്തേക്ക് കടന്നു എന്നും സൂചനകളുണ്ടായിരുന്നു. പല സ്ഥലങ്ങളിലായി വിവിധ വേഷങ്ങളില്‍ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നെങ്കിലും പിടിക്കൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് അമൃത്പാല്‍ സിങ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. താന്‍ കീഴടങ്ങുന്നതായി അറിയിച്ചുകൊണ്ടുള്ള അമൃത്പാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ലണ്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയ അമൃത്പാലിന്റെ ഭാര്യ കരണ്‍ദീപ് കൗറിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് അമൃത്പാലിന്റെ നാടകീയമായ കീഴടങ്ങല്‍.

പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമൃത്പാല്‍ സിങ്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. തുടര്‍ന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

ഈ മാസം ആദ്യം പഞ്ചാബ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് സ്‌പെഷ്യല്‍ സെല്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബിലെ അമൃത്സറില്‍ നിന്ന് അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായി പപാല്‍ പ്രീതിനെ അറസ്റ്റ് ചെയ്തിരുന്നു. അമൃത്പാല്‍ സിങ്ങിന്റെ ഗുരുവാണ് പപാല്‍ പ്രീത്. പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.