അമേരിക്കന്‍ എണ്ണക്കപ്പല്‍ ഇറാന്‍ പിടികൂടി അജ്ഞാത സ്ഥലത്തേക്ക് മാറ്റി; ജീവനക്കാരില്‍ ഒരു മലയാളി ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍

അമേരിക്കന്‍ എണ്ണക്കപ്പല്‍ ഇറാന്‍ പിടികൂടി അജ്ഞാത സ്ഥലത്തേക്ക് മാറ്റി; ജീവനക്കാരില്‍ ഒരു മലയാളി ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍

കപ്പലും ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് അമേരിക്കന്‍ നാവിക സേന.

ഹൂസ്റ്റണ്‍: അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ച് ഒമാന്‍ ഉള്‍ക്കടലില്‍ നിന്നും ഇറാന്‍ പിടികൂടിയ അമേരിക്കന്‍ എണ്ണക്കപ്പലില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍.

എറണാകുളം കൂനമ്മാവ് സ്വദേശിയായ എഡ്വിനാണ് കപ്പലിലുള്ള മലയാളിയെന്നാണ് വിവരം. അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കന്‍ കപ്പലാണ് ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോണ്‍ അടക്കമുള്ള ആശയ വിനിമയ ഉപകരണങ്ങള്‍ ജീവനക്കാരില്‍ നിന്നും നാവിക സേന പിടിച്ചെടുത്തു.

കപ്പല്‍ പിന്നീട് ഇറാന്‍ നാവിക സേന അജ്ഞാതമായ സ്ഥലത്തേക്ക് മാറ്റി. ജീവനക്കാരെയും കപ്പലും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികള്‍ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മുന്‍പ് ഉണ്ടായ ഇത്തരം പിടിച്ചെടുക്കലില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി. കുടുങ്ങിയവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

തങ്ങളുടെ രണ്ട് കപ്പലുകളില്‍ ഒന്നില്‍ അഡ്വാന്റേജ് സ്വീറ്റ് ഇടിച്ചതായും കപ്പലില്‍ ഉണ്ടായിരുന്ന രണ്ട് ഇറാനിയന്‍ ജീവനക്കാരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ പറഞ്ഞു.

കപ്പലും ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് അമേരിക്കന്‍ നാവികസേന ആവശ്യപ്പെട്ടു. ഗള്‍ഫ് സമുദ്രത്തില്‍ ഇറാന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ അമേരിക്കന്‍ നാവിക സേനയെ ചൊടിപ്പിച്ചിട്ടുണ്ട്. കുവൈറ്റില്‍ നിന്ന് എണ്ണ കൊണ്ടുവന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പല്‍ ഷെവ്റോണ്‍ കോര്‍പ്പറേഷനാണ് ചാര്‍ട്ടര്‍ ചെയ്തതെന്ന് അഡ്വാന്റേജ് ടാങ്കേഴ്സ് വക്താവ് പറഞ്ഞു.

മറൈന്‍ ട്രാഫിക് ട്രാക്കിങ് വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് കുവൈറ്റില്‍ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോകുകയായിരുന്നു കപ്പല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.