ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവരാശിക്ക് അത്യന്തം ദോഷകരമാകും; എഐ ​ഗോഡ്ഫാദർ ​ഗൂ​ഗിളിൽ നിന്ന് രാജിവെച്ച് പൊതു സമൂഹത്തെ ബോധവത്ക്കരിക്കാനിറങ്ങുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവരാശിക്ക് അത്യന്തം ദോഷകരമാകും; എഐ ​ഗോഡ്ഫാദർ ​ഗൂ​ഗിളിൽ നിന്ന് രാജിവെച്ച് പൊതു സമൂഹത്തെ ബോധവത്ക്കരിക്കാനിറങ്ങുന്നു

കാലിഫോർണിയ: ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ അപകടത്തെക്കുറിച്ച് ലോകത്തെ ബോധവത്ക്കരിക്കാൻ എഐ ​ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ ജോലി ചെയ്തിരുന്ന ഗൂ​ഗിളിൽ നിന്നും പടിയിറങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവാൻമാരാക്കുന്നതിനാണ് താൻ ഗൂഗിളിൽ നിന്നും രാജിയെന്ന് 75 കാരനായ ഹിന്റൺ പറഞ്ഞു. ഗൂഗിളിൽ നിന്നും താൻ രാജി വെച്ചുവെന്നും അതിനാൽ തന്നെ എ.ഐയുടെ അപകടത്തെക്കുറിച്ച് തനിക്ക് സ്വതന്ത്രമായി സംസാരിക്കാനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്റെ പ്രസ്താവ ഗൂഗിളിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടത്തെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഗൂഗിൾ വിട്ടത്. ഗൂഗിൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചത്.

എ.ഐ അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ അപകടങ്ങൾ എന്തായിരിക്കുമെന്ന് ഞാൻ കരുതുന്നതിനെക്കുറിച്ച് ഇപ്പോൾ എനിക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയും. അവയിൽ ചിലത് വളരെ ഭയാനകമാണ്. ഇപ്പോൾ, എനിക്ക് പറയാൻ കഴിയുന്നിടത്തോളം, അവർ നമ്മളെക്കാൾ കൂടുതൽ ബുദ്ധിയുള്ളവരല്ല. പക്ഷേ, അവർ ഉടൻ അങ്ങനെ ആയേക്കുമെന്ന് ഞാൻ കരുതുന്നു.

ഗൂഗിളിനായി ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ച വ്യക്തിയാണ് ജെഫ്രി ഹിന്റൺ. ഈ മേഖലയിലെ ഏറ്റവും ആദരണീയമായ ശബ്ദങ്ങളിൽ ഒരാളാണ് ജെഫ്രി ഹിന്റൺ. 2012 ൽ ടൊറന്റോയിൽ രണ്ട് ബിരുദ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുമ്പോഴാണ് എ.ഐ രംഗത്തെ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മുന്നേറ്റമുണ്ടായത്.

ഫോട്ടോകൾ വിശകലനം ചെയ്യാനും നായ്ക്കൾ, കാറുകൾ എന്നിവ പോലുള്ള പൊതുവായ സംഗതികളെ തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വിജയകരമായി സൃഷ്ടിക്കാൻ മൂവർക്കും കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം പദ്ധതിയിൽ പ്രവർത്തിച്ച വിദ്യാർത്ഥികളിൽ ഒരാൾ ഇപ്പോൾ ഓപ്പൺ ഐ.യുടെ ചീഫ് സയന്റിസ്റ്റായി പ്രവർത്തിക്കുകയാണ്.

ന്യൂറൽ നെറ്റ് വർക്കുകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ രൂപപ്പെടുത്തി. ചാറ്റ്ജിപിടി പോലുള്ള ഇന്നത്തെ പല സാങ്കേതികവിദ്യകൾക്കും ശക്തി പകർന്നത് ഇതായിരുന്നു. നിലവിൽ ആശങ്കകളില്ലെങ്കിലും മനുഷ്യന്റെ തലച്ചേറിനെ വെല്ലുന്ന തരത്തിൽ വിവരങ്ങളുടെ നിലവാരത്തെ ചാറ്റ്‌ബോട്ടുകൾക്ക് ഉടൻ മറികടക്കാൻ കഴിയും.

ഇലോൺ മസ്‌കും സാങ്കേതിക രം​ഗത്തെ മറ്റു വിദഗ്ധരും കഴിഞ്ഞ മാസം, എഐ സംബന്ധിച്ച് ഒരു തുറന്ന കത്തിൽ ഒപ്പുവെച്ചിരുന്നു. ഈ സാങ്കേതിക വിദ്യ മനുഷ്യരാശിക്ക് ദോഷം ചെയ്യുന്നതിനാൽ എഐ വികസനം താൽകാലികമായി നിർത്തണം എന്നായിരുന്നു കത്തിലെ ആവശ്യം. എന്നാൽ അന്ന് ​ഗൂ​ഗിളിൽ ജോലി ചെയ്തിരുന്നതിനാൽ ഡോ ഹിന്റണിന് ആ കത്തിൽ ഒപ്പിടാൻ കഴിഞ്ഞിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.