തിരുവനന്തപുരം: പുനരധിവാസ ഗ്രാമം പദ്ധതിക്കായി നാല് സ്ഥലങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതല ഓട്ടിസം ദിനാചരണവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിനൊപ്പം സമൂഹത്തിന്റെ കൂടി ചുമതലയാണെന്നും മന്ത്രി പറഞ്ഞു. ഭവനരഹിതരായ ഭിന്നശേഷിക്കാര്‍ക്ക് വീട് നിര്‍മിക്കാന്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 'മെറിഹോം' പദ്ധതിയിലെ വായ്പാ വിതരണവും മന്ത്രി നിര്‍വഹിച്ചു.
'ഓട്ടിസം, കടുത്ത മാനസിക വൈകല്യം നേരിടുന്നവര്‍ തുടങ്ങി 24 മണിക്കൂറും സഹായം ആവശ്യമുള്ളവര്‍ക്കായി ഉദ്ദേശിച്ചുള്ളതാണ് പുനരധിവാസ ഗ്രാമം പദ്ധതി. തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളെ ആരു നോക്കുമെന്ന മാതാപിതാക്കളുടെ തീരാ ആശങ്കക്ക് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ ഗ്രാമം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചികിത്സ, തെറാപി, വിനോദാപാധികള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.
'ഭിന്നശേഷിക്കാര്‍ തനിച്ചല്ല, ഒപ്പമുണ്ട് ഞങ്ങള്‍' എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മുദ്രാവാക്യം. കേരളത്തെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി വിവിധ പദ്ധതികളും ഉപകരണങ്ങളുടെ വിതരണവും അസിസ്റ്റീവ് ടെക്നോളജി ഉപയോഗിച്ചുള്ള രോഗനിര്‍ണയവും ശാസ്ത്രീയവും ആധുനികവുമായ രീതിയില്‍ സാധ്യമാക്കി വരുന്നതായും മന്ത്രി പറഞ്ഞു. ഭിന്നശേഷി മേഖലയില്‍ അഭിമാനസ്തംഭങ്ങളായ രണ്ടു സ്ഥാപനങ്ങളാണ് നിഷും തൃശ്ശൂരിലെ നിപ്മെറുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.