കോവിഡ് 'മഹാമാരി' അല്ലാതായി; ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് 'മഹാമാരി' അല്ലാതായി; ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മൂന്ന് വർഷം മുൻപ് ഏർപ്പെടുത്തിയ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. ഇനി ലോകത്ത് കോവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. 

വ്യാഴാഴ്ച ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് ശുപാര്‍ശ ചെയ്തത്. ഇതംഗീകരിച്ചാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും അഥാനോം വ്യക്തമാക്കി. 

വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും അത് പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഒരു വര്‍ഷത്തിലധികമായി ലോകത്ത് പൊതുവില്‍ കോവിഡ് ബാധയുടെ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം മൂലവും വാക്‌സിനേഷന്‍ മൂലവും ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആരോഗ്യ മേഖലയ്ക്കു മേലുള്ള സമ്മര്‍ദം കുറച്ചിട്ടുണ്ട്. 

ഈ പ്രവണത ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവരുന്നതിന് വഴിയൊരുക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതെന്നും അഥാനോം വ്യക്തമാക്കി.

മൂന്നു വര്‍ഷം മുന്‍പ് 2020 ജനുവരി 30 നാണ് കോവിഡ് രോഗത്തിന്റെ വ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.