ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധിപത്യം; അമേരിക്കയിൽ സിനിമ ടെലിവിഷൻ തിരക്കഥാകൃത്തുകൾ സമരത്തിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധിപത്യം; അമേരിക്കയിൽ സിനിമ ടെലിവിഷൻ തിരക്കഥാകൃത്തുകൾ സമരത്തിൽ

ലോസ് ആഞ്ജലസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു കയറുന്നതിൽ പ്രതിഷേധിച്ച് ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമ ടെലിവിഷൻ തിരക്കഥാകൃത്തുകൾ സമരത്തിൽ. ശമ്പള വർധനയും തൊഴിൽസമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങളിൽ നിർമ്മാണക്കമ്പനികളുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരത്തിലേയ്ക്ക് കടന്നത്.

ചൊവ്വാഴ്ച സമരം ആരംഭിച്ചു. സ്റ്റുഡിയോകൾ അവരുടെ പ്രൊജക്ടുകളിൽ എഐയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് എഴുത്തുകാരുടെ യൂണിയനായ 'ദി റൈറ്റേർസ് ഗിൽഡ് ഓഫ് അമേരിക്ക ' ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹോളിവുഡിലെ വിനോദ കമ്പനികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് അസോസിയേഷൻ 'അലയൻസ് ഓഫ് മോഷൻ പിക്ചർസ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസഴ്സ് ഈ ആവശ്യം തള്ളി.

എഴുത്തുകാർ ആവശ്യപ്പെടുന്ന ശമ്പളവർധനയും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധി ഘട്ടത്തിൽ നൽകാൻ കഴിയില്ലെന്നാണ് നിർമ്മാണ കമ്പനികളുടെ നിലപാട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ എഴുത്തുകാർക്ക് പിന്തുണയുമായി ഹോളിവുഡിലെ സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകൾ രംഗത്തുണ്ട്.

നെറ്റ്ഫ്ലിക്സ്, ഡിസ്‌നി പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമായതോടെ എഴുത്തുകാർക്ക് വരുമാനം കൂടിയിരുന്നു. എന്നാൽ ഇപ്പോൾ ചെലവു ചുരുക്കി മുടക്കു മുതൽ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ. അമേരിക്കയിലെ വിനോദ വ്യവസായത്തിന് സമരം വൻ തിരിച്ചടിയാകും. ടെലിവിഷൻ പരിപാടികൾ ഉൾപ്പെടെ നിർത്തിവെക്കേണ്ടി വരും. സിനിമകളുടെ റിലീസുകളെയും ബാധിക്കും. 2007-ലും സമാനമായ സമരം അമേരിക്കയിൽ നടന്നിരുന്നു. 100 ദിവസം നീണ്ടുനിന്ന എഴുത്തുകാരുടെ സമരത്തെത്തുടർന്ന് 200 കോടി ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.