കൊച്ചി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൊച്ചിയിലെത്തിച്ചത് നാല് ലക്ഷത്തിലധികം ലിറ്റര്‍ വ്യാജ സ്പിരിറ്റ്. വ്യാജ മദ്യം നിര്‍മ്മിക്കാന്‍ ഇത് കൈമാറ്റം ചെയ്‌തെന്ന ഞെട്ടിക്കുന്ന വിവരം എക്‌സൈസിന് ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൈസൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് രാജ് മണികണ്ഠനാണ് സൂത്രധാരന്‍.
മധ്യകേരളത്തിലെ വ്യക്തിക്ക് വേണ്ടിയാണ് ഗുണ്ടാ നേതാവ് ദൗത്യം ഏറ്റെടുത്തത്. എറണാകുളം ഇടപ്പള്ളിക്കും തൃക്കാക്കരയ്ക്കും ഇടയ്ക്കുള്ള ഉണിച്ചിറയിലെ ഗോഡൗണിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. ആയിരം കന്നാസുകള്‍വരെ ഒളിപ്പിക്കാനുള്ള രഹസ്യ അറ ഇവിടുണ്ട്. ഒരു ലിറ്റര്‍ വ്യാജ സ്പിരിറ്റില്‍ നിന്ന് നാലു ലിറ്റര്‍ വ്യാജ മദ്യം നിര്‍മ്മിക്കാം. പത്തുലിറ്റര്‍ വ്യാജ കള്ള് നിര്‍മ്മിക്കാന്‍ ഒരു ലിറ്റര്‍ സ്പിരിറ്റു മതി. ലിറ്ററിന് 300 രൂപയാണ് ഈടാക്കിയിരുന്നത്.
ഏപ്രില്‍ 12 ന് എക്‌സൈസ് ഇവിടെ റെയ്ഡ് നടത്തി 6,720 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. തൃശൂര്‍ മുതല്‍ കൊല്ലം വരെയുള്ള മേഖലകളിലേക്കാണ് സ്പിരിറ്റ് കൊണ്ടുപോയിരുന്നത്. അന്ന് ഗോഡൗണിലെ ഒരാളും സ്പിരിറ്റ് കൈമാറ്റത്തിന് ഉപയോഗിക്കുന്ന മൂന്ന് പിക്കപ്പ് വാഹനങ്ങളുടെ ഉടമകളും അറസ്റ്റിലായിരുന്നു. ഗോഡൗണ്‍ വാടകയ്ക്ക് എടുത്ത മാവേലിക്കര പെരിങ്ങാല നടക്കാവില്‍ വിജയ ഭവനില്‍ അഖില്‍ വിജയന്‍ (35), ഗോഡൗണിലെ ജോലിക്കാരന്‍ കാര്‍ത്തികപ്പിള്ളി കൃഷ്ണപുരം പുള്ളിക്കണക്ക് പതിയാരത്ത് ലക്ഷം വീട്ടില്‍ അര്‍ജുന്‍ അജയന്‍ (25) എന്നിവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയതോടെയാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നത്.
ഗുണ്ടാ നേതാവിനെ കണ്ടെത്താന്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം ഉടന്‍ മൈസൂരിലേക്ക് തിരിക്കും. മൈസൂര്‍ പൊലീസിന്റെ സഹായവും തേടും. വാഹനവും ഗോഡൗണുകളും സഹായികളെക്കൊണ്ട് തരപ്പെടുത്തുന്നതാണ് രാജ് മണികണ്ഠന്റെ രീതി. അന്യസംസ്ഥാനത്തെ സിമ്മുകളാണ് ലോറി ഡ്രൈവര്‍മാരും ജോലിക്കാരും ഉപയോഗിച്ചിരുന്നത്. ആര്‍ക്കും രാജ് മണികണ്ഠനുമായി നേരിട്ടു ബന്ധമില്ല.
സഹായികള്‍ക്ക് ശമ്പളമായി 40000 രൂപയും നല്‍കിയിരുന്നു. എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മിഷണര്‍ ബി.ടെനിമോന്റെ നേതൃതത്തിലുള്ള സ്പെഷ്യല്‍ ആക്ഷന്‍ ടീമാണ് പ്രതികളെ പിടികൂടിയത്.
സ്പിരിറ്റ് ടോറസ് ലോറികളില്‍ പാലക്കാട് അതിര്‍ത്തിവഴിയാണ് കൊച്ചിയിലെത്തിക്കുന്നത്. 35 ലിറ്റര്‍ സ്പിരിറ്റ് നിറച്ച 400 കന്നാസുകള്‍ ഒരു ലോഡിലുണ്ടാവും. രണ്ടു ലോഡുകള്‍ വരെ ഒരു മാസം എത്തും. ഗോഡൗണില്‍ നിന്ന് പിക്കപ്പുകളില്‍ പുറത്തേക്ക് കൊണ്ടുവരുന്ന കന്നാസുകള്‍ കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്ക് സമീപം വച്ചാണ് കൈമാറ്റം ചെയ്തിരുന്നത്. പില്ലര്‍ നമ്പറാണ് കോഡ്. ആഡംബര കാറുകളിലെത്തുന്ന ഇടപാടുകാര്‍ പിക്കപ്പില്‍ നിന്ന് കന്നാസുകള്‍ എടുത്തുകൊണ്ടു പോകുകയാണ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.