കുമളി: ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പന്‍ ആശങ്കയുയര്‍ത്തി തമിഴ്നാട് വനമേഖലയില്‍ തന്നെ തുടരുന്നു. മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് അരിക്കൊമ്പനെന്നാണ് സൂചന. ഉള്‍ക്കാട്ടിലായതിനാല്‍ റേഡിയോ കോളറില്‍ നിന്ന് കൃത്യമായ സിഗ്‌നല്‍ ലഭിക്കുന്നില്ലെന്നാണ് കേരളം വ്യക്തമാക്കുന്നത്.
അതേസമയം തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി അരിക്കൊമ്പന്‍ ജനവാസ മേഘലയില്‍ ഇറങ്ങിയിട്ടില്ല.
അരിക്കൊമ്പന്റെ കൃത്യമായ സിഗ്‌നല്‍ വിവരം കേരളം നല്‍കുന്നില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ പരാതി. ഇക്കാരണത്താല്‍ അരിക്കൊമ്പന്റെ നീക്കം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിന്നമന്നൂര്‍ റേഞ്ച് ഓഫീസര്‍ പറഞ്ഞു. പത്തുപ്പേരെ കൊലപ്പെടുത്തിയ ആനയാണ് അരിക്കൊമ്പനെന്ന സംസാരം തമിഴ്നാട്ടില്‍ പരക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തുന്നത് ഭീതിജനകമായ സാഹചര്യമുണ്ടാക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി മേഘമല ഹൈവേസ് ഡാമിന് സമീപമിറങ്ങിയ അരിക്കൊമ്പന്‍ കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വിരട്ടിയോടിക്കാനെത്തിയ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. ഇടയ്ക്കിടയ്ക്ക് ആനയിറങ്ങുന്ന സാഹചര്യമുണ്ടായതോടെ മേഘമലയില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
അരിക്കൊമ്പന്‍ പിന്‍വാങ്ങുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. അരിക്കൊമ്പന്‍ തിരികെ ജനവാസ മേഖലയിലേയ്ക്ക് കടക്കാതിരിക്കാന്‍ കേരളാ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും നിരീക്ഷണം നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.