കേരളം 2018 ല്‍ അഭിമുഖീകരിച്ച പ്രളയം ഓര്‍മ്മകള്‍ ഒരു മലയാളിക്കും അത്ര വേഗം മറക്കാന്‍ സാധിക്കില്ല. ആ വിഷയത്തെ മലയാള സിനിമ സമഗ്രമായി സ്പര്‍ശിച്ചിട്ടില്ല എന്നുവേണം പറയാന്‍. സിനിമ ലോകം ബഹുമാനത്തോടെ മാറി നിന്ന ആ ദൂരത്ത് ജൂഡ് ആന്റണി ജോസഫ് '2018' എന്ന തന്റെ സിനിമ വഞ്ചി അടുപ്പിച്ച്, നല്ല ഒന്നാന്തരം സിനിമയുമായി വന്നു.
മലയാളി ജീവിതത്തെ പല നിലക്ക് പല തട്ടുകളിലായി തിരിക്കാം. അതിലൊന്ന് തീര്‍ച്ചയായും പ്രളയത്തിനു മുന്‍പും ശേഷവും എന്ന് തന്നെയായിരിക്കും. അത് തന്നെയാണ് ഈ സിനിമയുടെ വെല്ലുവിളിയും. വളരെയടുത്തു നടന്ന, മലയാളി ജീവിതത്തെ അടിമുടി മാറ്റിയ സംഭവത്തെ വലിയ സ്‌ക്രീനില്‍ കാണാനുള്ള കൗതുകത്തെയും ആകാംക്ഷയെയും പല നിലക്കുമുള്ള സംശയങ്ങളെയും ഉള്‍ക്കൊള്ളുമോ എന്ന ആശങ്കയിലാണ് '2018' തീയറ്ററില്‍ എത്തിയത്.
പ്രളയത്തെ ചുറ്റിപറ്റിയുള്ള ഡോക്യുമെന്റെഷന്‍ തന്നെയാണ് സര്‍വൈവല്‍ ത്രില്ലര്‍ മോഡില്‍ എടുത്ത ഈ സിനിമ. 2018 ഓഗസ്റ്റ് ഒന്‍പത് മുതലുള്ള കുറച്ചു ദിവസങ്ങളില്‍ ഇവിടെ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ഞെട്ടല്‍ മുതല്‍ അതിജീവനം വരെ നേരിട്ട ജീവിതത്തിന്റെ ആ ദിവസങ്ങളുടെ പല വിധ അവസ്ഥാ വിശേഷങ്ങളിലൂടെയാണ് സിനിമ സഞ്ചരിച്ചത്.
കടല്‍, മഴ, പ്രളയം, ഷട്ടര്‍ തുറക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ ഗ്രാഫിക്‌സിനെ, ശബ്ദവിന്യസത്തെ, വി.എഫ്.എക്സിനെ ഒക്കെ സിനിമ നന്നായി തന്നെ ഉപയോഗിച്ചിട്ടുമുണ്ട്. ആ നിലക്ക് നല്ലൊരു പരീക്ഷണം തന്നെയാണ് 2018. തീയറ്റര്‍ കാഴ്ചക്ക് തരാന്‍ കഴിയുന്ന അനുഭവതലങ്ങള്‍ പ്രേക്ഷകര്‍ക്ക് പലയിടങ്ങളിലും അനുഭവിക്കാനാവും. മലയാള സിനിമ പൊതുവെ അലസമായി സമീപിക്കുന്ന ഈ അനുഭവതലത്തെ ടീം 2018 വിജയകരമായി കാണികളില്‍ എത്തിക്കുന്നു. മഴ നിറയുന്നത് പ്രളയം പടരുന്നത് ഒക്കെ കാണുന്നവരിലേക്ക് അതേ വികാരം എത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്..
രക്ഷാ ക്യാമ്പുകള്‍, കളക്ഷന്‍ സെന്ററുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മത്‌സ്യ തൊഴിലാളികള്‍, സമൂഹ മാധ്യമ കൂട്ടായ്മകള്‍ തുടങ്ങി പ്രളയകാലത്തെ അനുഭവങ്ങള്‍ സിനിമയിലും കാണാം. ആ കാലത്ത് അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് കുറെയൊക്കെ സത്യസന്ധമായി തോന്നാവുന്ന കാര്യങ്ങളാണ് ഈ രംഗങ്ങളില്‍ ഉള്ളത്. ഗര്‍ഭിണിയെ എയര്‍ലിഫ്റ്റ് ചെയ്യുന്നതടക്കം പലതും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് നേരിട്ട് തന്നെ പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ചിത്രീകരിച്ചവയാണ്. അവയെ സിനിമാറ്റിക്ക് ആയി തന്നെ സ്‌ക്രീനില്‍ എത്തിച്ചിട്ടുമുണ്ട്.
2018 പൂര്‍ണമായും വൈകാരികമായി നിര്‍മിച്ച സിനിമയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ഇത്ര കണ്ടു വൈകാരികമായി സമീപിക്കാമോ എന്ന് തോന്നുന്ന രീതിയില്‍ സിനിമയിലെ പല രംഗങ്ങളും മെലോഡ്രാമറ്റിക് ആകുന്നതായും കാണാം. അന്നു മനുഷ്യര്‍ അനുഭവിച്ച മഹാദുരന്തങ്ങളില്‍ സന്തോഷങ്ങള്‍ ഇല്ല എന്നത് സത്യമാണ്. പക്ഷെ അതിനപ്പുറം ഇത്രയും വൈകാരികത പല രംഗങ്ങളിലും വേണ്ടിയിരുന്നോ എന്നും തോന്നി പോകും.
വലിയ താര നിരയില്‍ എല്ലാവര്‍ക്കും പ്രാധാന്യം നല്‍കുക എന്നതിലും സിനിമ ഊന്നിയിട്ടുണ്ട്. സിനിമയുടെ സമഗ്രതയെ ഇത് ബാധിച്ചിട്ടുണ്ട്. വലിയ ക്യാന്‍വാസില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ ആവശ്യമാണെങ്കിലും സിനിമയുടെ ഡോക്യുമെന്റേഷന്‍ സ്വഭാവത്തില്‍ നിന്നുള്ള അനാവശ്യമായ മാറി നടത്തമായി. സ്വഭാവികതയില്‍ നിന്ന് അങ്ങനെ പല രംഗങ്ങളിലും മാറി നടന്ന സിനിമ രണ്ടാം പകുതിയില്‍ ആ താളം വീണ്ടെടുത്തു.
ടോവിനൊ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, നരൈന്‍, ലാല്‍, ഇന്ദ്രന്‍സ്, സിദ്ധിക്ക്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ തുടങ്ങിയ വലിയ താരനിരയാണ് സിനിമയില്‍ ഉള്ളത്.
ഉത്സവകാലങ്ങള്‍ നിരവധി കടന്നു പോകുമ്പോഴും മലയാളത്തിലെ തീയറ്ററുകള്‍ പ്രതിസന്ധിയിലാണ്. അടച്ച് പൂട്ടുന്ന തീയറ്ററുകള്‍ സിനിമ വ്യവസായത്തിനു വെല്ലുവിളിയാകുന്ന കാലഘട്ടത്തില്‍, അതിനു തടയിടുന്ന പ്രതീക്ഷയായി പലരും 2018 നെ കാണുന്നു. മലയാളികള്‍ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായും വൈകാരികമായും സ്‌ക്രീനില്‍ കാണിച്ച സിനിമ എന്ന നിലയിലും 2018 വേറിട്ടു നില്‍ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.