ദേശീയ പുരസ്കാരം നേടിയ വിജയരാഘവൻ: ‘പൂക്കളം’ വഴിയുള്ള ഒരു വിജയം

ദേശീയ പുരസ്കാരം നേടിയ വിജയരാഘവൻ: ‘പൂക്കളം’ വഴിയുള്ള ഒരു വിജയം

മലയാള സിനിമയിലെ കരുത്തുറ്റ സഹനടന്മാരിൽ ഒരാളായ വിജയരാഘവൻ, 71-ആം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹ നടനുള്ള പുരസ്കാരം നേടി. ‘പൂക്കളം’ എന്ന ചിത്രത്തിലെ 100-കാരനായ ഇട്ടൂപ്പുവിന്റെ കഥാപാത്രം അവതരിപ്പിച്ചാണ് ഈ അംഗീകാരം അദേഹത്തിന് ലഭിച്ചത്.

‘പൂക്കളം’ പ്രായം ചെന്ന ഒരാളുടെ ജീവിതവും കുടുംബ ബന്ധങ്ങളും പറയുന്ന കഥയാണ്. അതിലെ ഇട്ടൂപ്പ് കഥാപാത്രത്തിലൂടെ വിജയരാഘവൻ മലയാളികളുടെ ഹൃദയം കീഴടക്കി. പ്രായത്തിന്റെ ഭാരം, ജീവിതാനുഭവങ്ങളുടെ ചുരുളുകൾ, മനസ്സിലെ സൗമ്യതയും കടുപ്പവും— എല്ലാം ചേർത്ത് അദേഹം സൃഷ്ടിച്ച പ്രകടനം സിനിമയെ മറ്റൊരു ഉയരത്തിലേക്ക് കൊണ്ടുപോയി.

"അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോൾ സന്തോഷം. പുരസ്കാരങ്ങളെക്കാൾ ഉപരിയായി നല്ല കഥാപാത്രങ്ങൾ കിട്ടുമ്പോഴാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം കിട്ടുന്നത്. പൂക്കാലത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ എനിക്ക് ഭയങ്കര സന്തോഷം തോന്നി. പടം എങ്ങനെയുണ്ടാകുമെന്ന് എനിക്കറിയല്ല. എന്റെ വേഷം ഞാൻ ചെയ്യാൻ ശ്രമിക്കാം എന്നാണ് പറഞ്ഞത്. അവർക്കും ഇത് വർക്കൗട്ട് ആകുമോന്ന പേടിയുണ്ടായിരുന്നു. ഒടുവിൽ മേക്കപ്പൊക്കെ ചെയ്ത് വന്നപ്പോൾ എല്ലാം ശരിയായി", എന്ന് വിജയരാഘവൻ പറഞ്ഞു.

വർഷങ്ങളായി മലയാള സിനിമയിൽ സഹനടനായും വില്ലനായും കോമഡി കഥാപാത്രങ്ങളിലൂടെയും വിജയരാഘവൻ തനതായൊരു സ്ഥാനം നേടിയിട്ടുണ്ട്. ദൈവത്തിൻ്റെ മകൻ, സദയം, സല്ലാപം, കമ്മീഷണർ, ദംഗൽ, കന്മഴ, ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമ്മയ്ക്ക്, നരസിംഹം, തൂവൽക്കൊട്ടാരം, രാക്ഷസരാജാവ്, അഗ്നിദേവൻ, വർണ്ണക്കാഴ്ചകൾ, സമാധാനം, പട്ടാളം, തൊമ്മനും മകനും, ബെസ്റ്റ് ആക്ടർ, കണ്ണൂർ സ്ക്വാഡ്, ആന്റണി, ജലധാര പമ്പ്സെറ്റ് സിൻസ് 1962, ‘വോയിസ് ഓഫ് സത്യനാഥൻ തുടങ്ങി നിരവധി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങൾ അദേഹത്തിന്റെ വൈവിധ്യമാർന്ന അഭിനയ ശൈലിക്ക് തെളിവാണ്. ‘റാംജിറാവു സ്പീക്കിംഗ്’ മുതൽ ‘സീൻ 2’ വരെ പല തലമുറകളും അദേഹത്തിന്റെ പ്രകടനങ്ങളെ സ്നേഹിച്ചു. 

ചലച്ചിത്ര രംഗത്തെത്തുന്നതിന് മുൻപ് വിജയരാഘവൻ മലയാള നാടക രംഗത്തും സജീവമായിരുന്നു. വിവിധ പ്രൊഫഷണൽ നാടക സംഘങ്ങളുമായി സഹകരിച്ച് അദേഹം അഭിനയിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയം കൂടുതൽ ആഴമുള്ളതാക്കാൻ സഹായിച്ചു. തിയറ്ററിൽ ലഭിച്ച പരിശീലനമാണ് സ്വാഭാവികവും കരുത്തുറ്റതുമായ പ്രകടനങ്ങളിലേക്ക് നയിച്ചതെന്ന് അദേഹം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

വിജയരാഘവൻ പ്രശസ്ത നാടകകൃത്തും സിനിമ സംവിധായകനുമായ എൻ.എ പിള്ളയുടെ മകനാണ്. കുടുംബത്തിന്റെ കലാപാരമ്പര്യം അദേഹത്തിന്റെ ജീവിതത്തെ ശക്തമായി സ്വാധീനിച്ചു. ഭാര്യയും മകനും അടങ്ങിയ കുടുംബമാണ് വിജയരാഘവന്റേത്. അഭിനയത്തെ ഒരു തൊഴിൽ മാത്രമല്ല, ഒരു ജീവിതസർ​ഗമായി കാണുന്ന സമീപനമാണ് നടനെ ഇന്നും പുതിയ കഥാപാത്രങ്ങൾ തേടുന്ന കലാകാരനാക്കുന്നത്.

കോട്ടയം ജില്ലയിലെ ഒളശയാണ് സ്വദേശം. നാടകാചാര്യൻ എൻ.എൻ പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ചു. എൻ.എൻ പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽ തന്നെ നാടക രംഗത്ത് സജീവമായി.

സെന്റ് ബാഴ്സലിസ് കോളജ്, എസ്എൻ കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്  22-ാംവയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ാം വയസിൽ നായകനായി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.