പുൽക്കൂടിനു മുമ്പിൽ നിൽക്കുമ്പോൾ പാപ്പായുടെ നിയോഗങ്ങൾക്കുവേണ്ടിക്കൂടി പ്രാർഥിക്കണമെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത് മാർപാപ്പ

പുൽക്കൂടിനു മുമ്പിൽ നിൽക്കുമ്പോൾ പാപ്പായുടെ നിയോഗങ്ങൾക്കുവേണ്ടിക്കൂടി പ്രാർഥിക്കണമെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത് മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെയും നമ്മുടെ സഹോദരീ സഹോദരന്മാരെയും യഥാർത്ഥത്തിൽ കണ്ടുമുട്ടാനായി ഭക്തി, സ്നേഹം, കാരുണ്യം എന്നീ പുണ്യങ്ങൾ ഹൃദയത്തിൽ അഭ്യസിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. രക്ഷകന്റെ പിറവിയ്ക്കായി കാത്തിരിക്കുന്ന നമ്മൾ, 'സ്വാഗതമരുളുന്ന ഒരു പുൽക്കൂടായും അതിഥ്യമര്യാദയുള്ള ഒരു ഭവനമായും ദൈവ സാന്നിധ്യത്തിൻ്റെ അടയാളമായും' മാറണമെന്നും അതുവഴി, ലോകമെമ്പാടുമുള്ള എല്ലാ കുട്ടികളും സമാധാനത്തിൽ ജീവിക്കാൻ ഇടവരട്ടെയെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ആഗമനകാലത്തെ നാലാം ഞായറാഴ്ച, വിശുദ്ധ യൗസേപ്പിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള സുവിശേഷ വായനയെ ആസ്പദമാക്കിയുള്ള ധ്യാനചിന്തകളാണ് പരിശുദ്ധ പിതാവ് പങ്കുവച്ചത്. യൗസേപ്പിന്റെ ദൗത്യത്തെപ്പറ്റി ദൈവം സ്വപ്നത്തിൽ അദ്ദേഹത്തിന് വെളിപ്പെടുത്തിയതും അതിനോട് ആഴമായ വിശ്വാസത്തോടും ധൈര്യത്തോടുംകൂടി അദ്ദേഹം പ്രതികരിച്ചതെങ്ങനെയാണെന്നും പാപ്പാ അനുസ്മരിച്ചു.

മറിയത്തിൽ സംഭവിച്ച ദൈവികരഹസ്യത്തെക്കുറിച്ച് കർത്താവിന്റെ ദൂതൻ യൗസേപ്പിനു വെളിപ്പെടുത്തുന്നതിനു മുമ്പുതന്നെ, അവൾക്കു നേരെ കരുണയുടെ പാത വിവേകത്തോടും ഔദാര്യത്തോടുംകൂടെ അദ്ദേഹം തെരഞ്ഞെടുത്തിരുന്നു. ദൈവത്തിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ച് സ്വപ്നത്തിൽ മനസ്സിലാക്കുകയും മിശിഹായുടെ മാതാവും കന്യകയുമായ മറിയത്തിന്റെ ഭർത്താവാകാനുള്ള തൻ്റെ ദൗത്യത്തെക്കുറിച്ച് ബോധ്യപ്പെടുകയും ചെയ്തപ്പോൾ, അദ്ദേഹത്തിൽ വിളങ്ങിയിരുന്ന വിശുദ്ധിയും കുലീനതയും കൂടുതൽ പ്രകടമായതായി സുവിശേഷത്തിൽ നാം കാണുന്നു. സ്വന്തം സുരക്ഷപോലും അവഗണിച്ച് ദൈവിക പദ്ധതി അനുസരിച്ചുള്ള ഒരു ഭാവി മാത്രം ലക്ഷ്യംവച്ച് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു.

നസറത്തിലെ ആ മനുഷ്യനിൽ ഉണ്ടായിരുന്ന പുണ്യങ്ങളായ ഭക്തിയും പരസ്നേഹവും, കാരുണ്യവും പരിത്യാഗവുമാണ് ഇന്നത്തെ ആരാധനക്രമം നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. ക്രിസ്മസിനോട് ഏറ്റവും അടുത്ത ഈ ദിവസങ്ങളിൽ നമുക്കും ഈ പുണ്യങ്ങളാൽ നമ്മുടെ ഹൃദയത്തെ അഭ്യസിപ്പിക്കുകയും അങ്ങനെ ക്രിസ്തുവിനെയും നമ്മുടെ സഹോദരീ സഹോദരന്മാരെയും യഥാർഥത്തിൽ കണ്ടുമുട്ടുകയും ചെയ്യാം - പാപ്പാ പറഞ്ഞു.

വിശുദ്ധ യൗസേപ്പിന്റെ മാതൃക പിന്തുടരാം

'കൃപയുടെ ഈ സമയത്ത്' നമുക്ക് വിശുദ്ധ യൗസേപ്പിന്റെ മാതൃക പിന്തുടരാം. ക്ഷമിക്കുക, പരസ്പരം പ്രോത്സാഹിപ്പിക്കുക, നമ്മോടൊപ്പമുള്ളവർക്കും നാം കണ്ടുമുട്ടുന്നവർക്കും അല്പമെങ്കിലും പ്രത്യാശ പകരുക എന്നിങ്ങനെ അദ്ദേഹം ചെയ്ത കാര്യങ്ങൾ നമുക്ക് അനുകരിക്കാം - ലിയോ പാപ്പാ ഓർമ്മപ്പെടുത്തി.

പുത്രസഹജമായ ആത്മവിശ്വാസത്തോടെ നമ്മുടെ എല്ലാ കാര്യങ്ങളും കർത്താവിനും അവിടുത്തെ പരിപാലനയ്ക്കുമായി നമുക്ക് വിട്ടുകൊടുക്കാം. വലിയ വിശ്വാസത്തോടും സ്നേഹത്തോടും കൂടെ ലോകരക്ഷകനായ ഈശോയെ ആദ്യമായി സ്വാഗതം ചെയ്ത പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ഉറപ്പുള്ള സഹായം ഇക്കാര്യത്തിൽ നമുക്കുണ്ടാകുമെന്ന് പാപ്പാ പറഞ്ഞു.

എല്ലാ കുട്ടികളും സമാധാനത്തിൽ ജീവിക്കാൻ ഇടവരട്ടെ!

തുടർന്ന്, സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരുന്ന എല്ലാവരെയും പ്രത്യേകിച്ച് റോമിൽനിന്നും സ്പെയിൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നും എത്തിയ 1500-ഓളം കുട്ടികളെയും മാർപാപ്പ അഭിവാദ്യം ചെയ്തു. ഇറ്റലിയിൽ 'ബംബിനെല്ലി' എന്നറിയപ്പെടുന്ന ഉണ്ണീശോയുടെ രൂപങ്ങൾ റോമിൽ നിന്നുള്ള കുട്ടികൾ പാപ്പയെ ഉയർത്തിക്കാട്ടി. മാർപാപ്പയുടെ ആശീർവാദം ലഭിച്ചതിനുശേഷം അവരുടെ വീടുകളിലും സ്കൂളുകളിലും ഇടവകകളിലും മറ്റുമുള്ള പുൽക്കൂടുകളിൽ വയ്ക്കാനുള്ളവയാണ് ഈ രൂപങ്ങൾ.

'പ്രിയ കുട്ടികളേ, നിങ്ങൾ ഒരുക്കുന്ന പുൽക്കൂടുകളിലെ തിരുപ്പിറവി ദൃശ്യങ്ങൾക്ക് മുമ്പിൽ നിൽക്കുമ്പോൾ, പാപ്പായുടെ നിയോഗങ്ങൾക്ക് വേണ്ടിക്കൂടി നിങ്ങൾ ഈശോയോട് പ്രാർഥിക്കണം. പ്രത്യേകമായി, ലോകത്തിലെ എല്ലാ കുട്ടികളും സമാധാനത്തിൽ ജീവിക്കാൻ ഇടയാകട്ടെ എന്ന് നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു!

ഉണ്ണീശോയിലുള്ള നമ്മുടെ വിശ്വാസത്തിൻ്റെ പ്രതീകമായി നിങ്ങളുടെ കയ്യിൽ പിടിച്ചിരിക്കുന്ന രൂപങ്ങളെയും നിങ്ങളെയും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷകരമായ ഒരു ഞായറാഴ്ചയും വിശുദ്ധവും ശാന്തവുമായ ഒരു ക്രിസ്മസും നിങ്ങൾക്ക് ഞാൻ ആശംസിക്കുന്നു - ഇപ്രകാരം ആശീർവദിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.