അബുദാബി: അബുദാബി വാർഷിക നിക്ഷേപകസംഗമത്തിന് (എഐഎം ഗ്ലോബല്‍ 2023) ഇന്ന് തുടക്കമാകും. നിക്ഷേപകസംഗമത്തിന്‍റെ 12 മത് പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്. ‘സുസ്ഥിര സാമ്പത്തികവളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് ഭാവിനിക്ഷേപ അവസരങ്ങളെ’ന്ന പ്രമേയത്തിലാണ് അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററില്‍ സംഗമം നടക്കുക. പുതിയ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യും.കോവിഡ് കാലഘട്ടത്തിനു ശേഷം സമ്പത്ത് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനുളള പുതുമാർഗ്ഗങ്ങളും സംഗമത്തില്‍ ചർച്ച ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കമുളള സംഘം സംഗമത്തില്‍ പങ്കെടുക്കാനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. സർക്കാർപ്രതിനിധികൾക്കുപുറമേ വിവിധരാജ്യങ്ങളിലെ സാമ്പത്തികവിദഗ്ധർ, ബിസിനസുകാർ, പ്രാദേശിക അന്താരാഷ്ട്ര നിക്ഷേപകർ, ആഗോളകമ്പനികൾ, പ്രോജക്ട് ഉടമകൾ, സ്മാർട്ട് സിറ്റി, ടെക്‌നോളജി സേവനദാതാക്കൾ തുടങ്ങി ഒട്ടേറെപ്പേരെത്തും.സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം ധനകാര്യസ്ഥാപനങ്ങൾ, അക്കാദമിക് വിദഗ്ധർ തുടങ്ങി പൊതു-സ്വകാര്യ മേഖലയിൽനിന്നുള്ളവരും പങ്കെടുക്കും. നേരിട്ടുള്ള വിദേശനിക്ഷേപം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ഭാവിനഗരങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടുന്ന കർമരേഖയ്ക്ക് രൂപംനൽകും. ടൂറിസം, ഹോസ്പിറ്റാലിറ്റി, കൃഷി, ഊർജം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യവികസനം, നിർമാണം, ഗതാഗതം, ലോജിസ്റ്റിക്സ്, ധനകാര്യം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുക.
മേയ് എട്ട്, ഒമ്പത്,പത്ത് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ 170 രാജ്യങ്ങളിൽനിന്നുള്ള 12,000 പേർ എത്തുമെന്നാണ് വിവരം. നൂറിലേറെ വിഭാഗങ്ങളിലായി 600 വിദഗ്ധർ പ്രസംഗിക്കും. വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്‍റെയും അബുദാബി സാമ്പത്തികവികസനവകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് വാർഷിക നിക്ഷേപകസംഗമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.