കുറഞ്ഞ വരുമാനക്കാ‍ർക്ക് കമ്പനികള്‍ താമസസൗകര്യമൊരുക്കണം, യുഎഇ മാനവവിഭവശേഷി മന്ത്രാലയം

കുറഞ്ഞ വരുമാനക്കാ‍ർക്ക് കമ്പനികള്‍ താമസസൗകര്യമൊരുക്കണം, യുഎഇ മാനവവിഭവശേഷി മന്ത്രാലയം

ദുബായ്: കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കമ്പനികള്‍ താമസസൗകര്യമൊരുക്കണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 1500 ദിർഹം വരെ ശമ്പളമുളള തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണ്. അന്‍പതോ അതിലധികമോ തൊഴിലാളികള്‍ ഈ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കാണ് നിർദ്ദേശം.

താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് മൂന്ന് ചതുരശ്ര മീറ്റർ സ്ഥലം വേണം. ഒരു കിടപ്പുമുറിയില്‍ 10 ലധികം ആളുകള്‍ താമസിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളും മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നു. 500ൽ താഴെ തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരം മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും.

നല്ല വെളിച്ചമുളളതും വായുസഞ്ചാരമുളളതുമായ താമസ സൗകര്യമാണ് ഒരുക്കേണ്ടത്. പ്രാഥമിക ശുശ്രൂഷ കിറ്റ്, ആരോഗ്യസേവനങ്ങള്‍, പ്രാർത്ഥനാ സൗകര്യങ്ങള്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കണം. മന്ത്രാലയം നിയന്ത്രിക്കുന്ന ലേബർ അക്കമഡേഷൻ സിസ്റ്റത്തിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണം. തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും കിറ്റുകളും തൊഴിലുടമ ഉറപ്പാക്കണം.
തൊഴിലാളികള്‍ക്ക് നല്ല ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് നിർദ്ദേശം. നിർദ്ദേശങ്ങള്‍ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും മിന്നല്‍ പരിശോധനകളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.