കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് രാജ്യദ്രോഹമാണോയെന്ന ചോദ്യം ഉയരപ്പെടുകയാണ്
ഭോപ്പാല്‍: പതിറ്റാണ്ടുകളായ തങ്ങളുടെ കര്‍മ്മമണ്ഡലം. ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും കിടപ്പു രോഗികള്‍ക്കും താങ്ങും തണലുമായി നില്ക്കുന്ന ഒരു പറ്റം സന്യസ്തര്‍. പരസഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത ഇവരെ സ്വന്തമെന്ന പോലെ കരുതി അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും സര്‍ക്കാര്‍ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായത് കൊടിയ പീഡനങ്ങള്‍. ഇതിന് കാരണമെന്താണെന്ന് കൃത്യമായി വിവരിക്കാന്‍ അധികാരികള്‍ക്ക് പോലും ആവുന്നില്ല. ഈ മാസം എട്ടിന് മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ ഭാഗമായ ഭോപ്പാല്‍ സെന്റ് ഫ്രാന്‍സിസ് ആശ്രമത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് സാഗര്‍ രൂപതാ മുന്‍ ബിഷപ് ആന്റണി ചിറയത്ത് മനസ് തുറക്കുന്നു.
മേയ് എട്ടിന് രാത്രി 50 ലധികം വരുന്ന പൊലീസ് സംഘം വിവിധ വിഭാഗങ്ങളായി ഫ്രാന്‍സിസ് ആശ്രമത്തിലേക്ക് എത്തുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ വന്ന ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി ദേവാലയത്തിന്റെ ഓരോ ഭാഗത്തേയ്ക്ക് കേന്ദ്രീകരിച്ചു. ദേവാലയത്തില്‍ പരിശോധനയ്ക്കായി കയറിയ ഇവര്‍ കുരിശുരൂപം അവഗണിക്കുകയും വിശുദ്ധ കുര്‍ബാനയ്ക്കുള്ള വീഞ്ഞ് എടുത്തുകൊണ്ടുപോകുകയും ചെയ്തു. വെഞ്ചരിക്കാനായി സൂക്ഷിച്ചു വച്ചിരുന്ന അനാംവെള്ളവും ലഹരിയാണെന്നായിരുന്നു പരിശോധന സംഘം അവകാശപ്പെട്ടത്.
എന്തിനാണ് നിങ്ങള്‍ ഇവിടെ പരിശോധന നടത്തുന്നതെന്ന ചോദ്യത്തിന് ഉത്തരം തരാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ല. ദേവാലയത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ രാത്രിയില്‍ കഴിക്കാനായി തയാറാക്കി വെച്ച ഭക്ഷണവും എടുത്തു കൊണ്ടുപോയി. കേരളത്തില്‍ ഉണ്ടാക്കുന്നതു പോലെ ഇഞ്ചി കൊണ്ട് തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ആസവം ലഹരിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
സാഗറിലെ സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തിന് ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുണ്ട്. ആരോരുമില്ലാത്ത കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസസൗകര്യവും ഗോത്രവര്‍ഗ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം താമസ സൗകര്യവും അതുപോലെ മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഉള്ള അഭയകേന്ദ്രം, ശാരീരിക ക്ഷമത നേരിടുന്ന കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടം, ഇതിനോടൊപ്പം ഹിന്ദി മീഡിയം വിദ്യാലയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഒരു രാത്രി ഈ കേന്ദ്രത്തിലേക്ക് അറിയിപ്പുകള്‍ ഒന്നും നല്കാതെ പരിശോധന എന്നപേരില്‍ എത്തി വൈദികരെ ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. കൂടാതെ രേഖകളും പിടിച്ചെടക്കുന്നു. ഇതൊക്കെ കണ്ടാല്‍ രാജ്യദ്രോഹ കുറ്റം ചെയ്തവരോടെന്ന പോലെയാണ് പെരുമാറ്റ രീതി. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതാണോ രാജ്യദ്രോഹം?
മധ്യപ്രദേശിലെ സാഗറിലെ കത്തോലിക്കാസഭയുടെ വളര്‍ച്ചയെ തന്നെ സ്വാധീനിച്ച സ്ഥാപനമാണ് സെന്റ് ഫ്രാന്‍സിസ് അനാഥാലയം. ഈ കേന്ദ്രത്തിന്റെ ലൈസന്‍സ് പുതുക്കുന്നതിനായി 18 തവണ അധികാരികളോടു ബന്ധപ്പെട്ടു. എന്നാല്‍ അനുകൂലമായ ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതിനു ശേഷം ഈ മാസം എട്ടിന് നടന്ന സംഭവങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന എഫ്സിസി കന്യാസ്ത്രീകളാണ്. അവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് പരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥര്‍ രാത്രിയില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് വൈദികര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. അപ്പോഴാണ് പുരോഹിതന് പൊലീസിന്റെ ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതോളം ബാലാവകാശ മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥരും അതിനിരട്ടി തന്നെ പൊലീസുകാരും ആ രാത്രിയില്‍ അവിടെ വന്നിരുന്നു എന്നാണ് ഓര്‍ക്കുന്നത്. പൊലീസുകാര്‍ വന്നത് ഞങ്ങളെ സഹായിക്കാന്‍ അല്ലെന്നും ബിഷപ് വ്യക്തമാക്കി.
പുരോഹിതരുടെ ഫോണുകള്‍, സിസിടിയുമായി ബന്ധപ്പെട്ട രേഖകള്‍ ഇവയൊക്കെ പിടിച്ചെടുക്കുകയും പിന്നീട്, അവര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. 16 കോണ്‍ഗ്രിഗേഷനിലായി 52 അധികം മിഷന്‍ ഫീല്‍ഡുകള്‍ ഉണ്ട്. ഇവിടെയൊക്കെ താമസസൗകര്യവും ആതുരസേവനവും ആവശ്യമായ ചികിത്സകളും ഇതൊക്കെയും സാധ്യമാക്കി വരുന്ന കത്തോലിക്കാ സഭയുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് അത്ര നല്ല പഠിപ്പിക്കലല്ല.
വടക്കേ ഇന്ത്യ എപ്പോഴും സുവിശേഷത്തെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെയും ആക്രമിക്കുന്നതില്‍ സന്നദ്ധത പ്രകടിപ്പിക്കുനെന്നുള്ള വാര്‍ത്തകള്‍ മുന്‍കാലത്തു തന്നെ വന്നിരുന്നതാണ്. കാലം ഇത്രയും ആയിട്ടും ആ വെറുപ്പിന് ഒരു അയവ് വന്നിട്ടില്ല. വിദ്യാഭ്യാസമോ ആതുര സേവനമോ എന്താണെന്നറിയാത്ത ഒരു ജനതയ്ക്ക് ക്രിസ്തു കാണിച്ചുതന്ന വലിയ സ്നേഹം തങ്ങള്‍ തങ്ങളുടെ ശുശ്രൂഷ മനോഭാവത്തോടെ ചെയ്തു നല്‍കുകയാണ്. ഈ സന്യസ്ഥരെ അപമാനിക്കുവാന്‍ തക്കവണ്ണം എന്ത് തെറ്റാണ് ഇവര്‍ ചെയ്യുന്നത്. സമൂഹത്തിന് നന്മയല്ലാതെ മറ്റൊന്നും ഇവര്‍ ചെയ്യുന്നില്ല. ആ നന്മയെ കാണുന്നില്ല എന്നുള്ളതിനും അപ്പുറമാണ് ആ നന്മയെ തിന്മയാക്കി സമൂഹത്തില്‍ അവതരിപ്പിച്ചു കാണിക്കുന്നുവെന്നുള്ളത് വസ്തുതയാണ്.
സംഭവത്തിന്റെ നിജ സ്ഥിതി കളക്ടറെയും പൊലീസ് കമ്മീഷണറെയും കണ്ടു അറിയിച്ചിട്ടുണ്ട്. നാളെ (വെള്ളിയാഴ്ച) സാഗര്‍ രൂപതയില്‍ നിന്നുള്ള മൂന്ന് ഇടവകകളിലെ വിശ്വാസികള്‍ ഒരുമിച്ച് കൂടി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ സമൂഹം ഒരു ജനതയ്ക്ക് ഒന്നാകെ ചെയ്യുന്ന നന്മ അധികാരികള്‍ എത്ര മൂടിവെച്ചാലും എന്നെങ്കിലും - അത് അംഗീകരിക്കപ്പെടും. ദൈവവചന പ്രഘോഷണവും ദൈവവേലയും സമര്‍പ്പിതമാണ്. ദൈവത്തോടുള്ള ഒരു ഉടമ്പടി കൂടിയാണ് ഈ പ്രേഷിത പ്രവര്‍ത്തനം. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്നതിനു പകരം ജീവിതചര്യകളെ പരമകാരുണ്യവാനായ ദൈവത്തില്‍ സമര്‍പ്പിച്ച് ജീവിതം നയിക്കുകയും സഹമനുഷ്യരുടെ വേദനയിലും ആവശ്യത്തിലും സഹായ ഹസ്തവുമായി ദിവ്യ കാരുണ്യ പ്രവൃത്തികളില്‍ സ്വയം അര്‍പ്പിതമായവരെ സമൂഹം ഇത്തരത്തില്‍ അവഗണിക്കുന്നത് ഭൂഷണമല്ലെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ സഭ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മത പരിവര്‍ത്തനം എന്ന പേരില്‍ അടിച്ചമര്‍ത്താന്‍ നീക്കം നടക്കുന്നു. വിശുദ്ധ സഭയിലെ മെത്രാന്മാരും പുരോഹിതരും സന്യസ്ത സമൂഹവും നല്‍കുന്ന പ്രവര്‍ത്തനങ്ങളെ മതപരിവര്‍ത്തനം എന്ന വാക്കിലേക്ക് ഒതുക്കുമ്പോള്‍ ഹൃദയം പൊടിയുന്ന വേദനയാണ്. ക്രൈസ്തവ സമൂഹം ഇന്ന് സമൂഹത്തില്‍ എന്തൊക്കെ നന്മകള്‍ ചെയ്താലും അവസാനം വിമര്‍ശിക്കുന്നവരില്‍ നിന്നും നേരിടുന്നത് പലപ്പോഴും അറിയാതെയെങ്കിലും പറഞ്ഞു കേട്ടും തഴമ്പിക്കുന്ന മതപരിവര്‍ത്തനം എന്നാണ്. എന്നാല്‍ തങ്ങള്‍ സമൂഹ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ മതപരിവര്‍ത്തനം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളെ മാറ്റുന്നതെന്നും ബിഷപ് വ്യക്തമാക്കി...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.