തിരുവനന്തപുരം: ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ പോക്കുവരവ് ചെയ്യാനുള്ള പുതിയ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. സംസ്ഥാനത്തെ 14 ജില്ലകളില്‍പ്പെട്ട 14 വില്ലേജ് ഓഫീസുകളിലും അനുബന്ധ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബുധനാഴ്ചയാണ് ട്രയല്‍ നടന്നത്. ആധാരങ്ങളുടെ പുറത്ത് കക്ഷികളുടെയും സാക്ഷികളുടെയും സമ്മതം രേഖപ്പെടുത്തി (ഡിജിറ്റല്‍ എന്‍ഡോഴ്‌സ്‌മെന്റ്) രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടമാണ് വിജയമായത്.
പരീക്ഷണത്തില്‍ ചില ന്യൂനതകള്‍ കണ്ടെത്തിയതിനാല്‍ പേള്‍ ആപ്ലിക്കേഷനില്‍ കുറച്ചു മാറ്റങ്ങള്‍ കൂടി വരുത്താന്‍ എന്‍.ഐ.സിയോട് നിര്‍ദേശിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഡിജിറ്റല്‍ റീസര്‍വെ നടക്കുന്നതോ പൂര്‍ത്തിയായതോ ആയ വില്ലേജുകളാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.
സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകളെയും 1666 വില്ലേജ് ഓഫീസുകളെയും കൂട്ടി യോജിപ്പിക്കുന്നതോടെ പദ്ധതി പൂര്‍ണമാവും. ആധാരങ്ങളുടെ വിവിധ മാതൃകകള്‍ (ടെംപ്‌ളേറ്റ്) അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയും വേണം. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായാലും ഇപ്പോഴുള്ളതുപോലെ ആധാരമെഴുത്തുകാര്‍ മുഖേനയായിരിക്കും രജിസ്‌ട്രേഷന്‍ നടപടികള്‍. ഇതോടെ രജിസ്ട്രേഷന്‍ -റവന്യു വകുപ്പുകളുടെ കൂട്ടായ്മയില്‍ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാവും കേരളം.
വസ്തു രജിസ്‌ട്രേഷനില്‍ ഏര്‍പ്പെടുന്ന കക്ഷിയുടെയും സാക്ഷികളുടെയും വിവരങ്ങള്‍, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന ദിവസം, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്‍ഡോഴ്‌സ്‌മെന്റ് അഥവ പുറത്തെഴുത്ത്. കക്ഷികളുടെയും സാക്ഷികളുടെയും വിരലടയാളവും ഒപ്പും ചിത്രങ്ങളും ഇതില്‍ രേഖപ്പെടുത്തും. ഇത് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്ക് അയയ്ക്കുന്ന മുറയ്ക്ക് വസ്തു വില്‍ക്കുന്ന വ്യക്തിയുടെ തണ്ടപ്പേരില്‍ വില്‍ക്കുന്ന സ്ഥലം കുറവു ചെയ്യുകയും വാങ്ങുന്ന ആളിന്റെ തണ്ടപ്പേരില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും വിധമാണ് സംവിധാനം വരിക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.