കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല: ചെവ്വാഴ്ച ചര്‍ച്ച തുടരും; 85 എംഎല്‍എമാര്‍ സിദ്ധരാമയ്യക്കൊപ്പമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല:  ചെവ്വാഴ്ച ചര്‍ച്ച തുടരും; 85 എംഎല്‍എമാര്‍ സിദ്ധരാമയ്യക്കൊപ്പമെന്ന്  റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും കര്‍ണാടക മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായില്ല. ചൊവ്വാഴ്ച ചര്‍ച്ച തുടരും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.

അതിനിടെ എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി. 85 എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നും 45 പേര്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണ്.

നീരസം പ്രകടമാക്കിയെങ്കിലും വിമത നീക്കത്തിനില്ലെന്ന് പറഞ്ഞ് ഡി.കെ ശിവകുമാര്‍ രംഗത്ത് വന്നതോടെ അധികം വൈകാതെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. തന്നെ കര്‍ണാടക പിസിസി അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. സംസ്ഥാനത്ത് അധികാരം പിടിച്ച് താന്‍ കടമ നിറവേറ്റി. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഡി.കെയെ അനുനയിപ്പിക്കാന്‍ പിസിസി പ്രസിഡന്റ് പദവി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന് നല്‍കിയേക്കുമെന്ന് അറിയുന്നു.

എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചത് കൊണ്ട് മാത്രം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലവേദന തീരില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഉപമുഖ്യമന്ത്രി പദത്തില്‍ അടക്കം എം.ബി പാട്ടീല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.